പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ പാകിസ്ഥാന് വലിയ തിരിച്ചടിയാണ് നൽകിയത്.
ദില്ലി: ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുകയാണ്. 26 സാധാരണക്കാരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയിരുന്നു. 100ഓളം ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
ഭീകരരെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെ ചൊടിപ്പിച്ചു. ഇതോടെ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളെ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞു. തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണം പാകിസ്ഥാനിലെ പ്രധാന വ്യോമ താവളങ്ങളെ ഉൾപ്പെടെ തകർത്തു. തുടർന്ന് മെയ് 9നും പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് സമാനമായ ആക്രമണം നടക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്ന പ്രതീതി അന്താരാഷ്ട്ര തലത്തിൽ ഉടലെടുത്തു.
അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും അടിയന്തര വെടിനിർത്തലിന് ധാരണയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് താനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെടിനിർത്തൽ ധാരണയിലെത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്രീനഗറിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ ഈ ധാരണ ലംഘിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം നടന്ന 10 പ്രധാന സംഭവങ്ങൾ
1. ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ധാരണയുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, മൂന്നാമതൊരു കക്ഷി ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
2. വെടിനിര്‍ത്തലിന് ശേഷം ഏതാനും മണിക്കൂറുകൾ പിന്നിട്ടതോടെ പാകിസ്ഥാൻ വീണ്ടും ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചു. ഇതോടെ അതിർത്തി സംസ്ഥാനങ്ങളിൽ സൈറണുകൾ മുഴങ്ങി. ഉദംപൂരിലും ജമ്മു മേഖലയിലെ മറ്റ് ഭാഗങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ പുറപ്പെടുവിച്ചിരുന്നു.
3. വെടിനിർത്തൽ ധാരണയിലെത്തി മണിക്കൂറുകൾക്ക് ശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിൽ വലിയ സ്ഫോടനങ്ങൾ കേട്ടെന്ന് സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തു. “വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടു! ഇത് വെടിനിർത്തലല്ല. ശ്രീനഗറിൽ വ്യോമ പ്രതിരോധ യൂണിറ്റുകൾ തുറന്നു” അദ്ദേഹം എക്‌സിൽ കുറിച്ചു.
4. രാത്രിയിൽ വീണ്ടും പാകിസ്ഥാൻ ഇന്ത്യയിലേയ്ക്ക് ഡ്രോണുകളയച്ചു. തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് നടപ്പിലാക്കി.
5. നഗ്രോട്ട മിലിട്ടറി സ്റ്റേഷനിൽ സൈന്യം നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം തടഞ്ഞു. ഇത് വെടിവെയ്പ്പിലേയ്ക്ക് നയിക്കുകയും ഒരു ജവാന് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച അജ്ഞാതന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
6. പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താസമ്മേളനം നടത്തി. പാകിസ്ഥാൻ ധാരണകൾ ലംഘിക്കുകയാണെന്നും ഗൗരവത്തോടെ ഈ വിഷയത്തെ സമീപിച്ച് ഉടനടി ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
7. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണിൽ സംസാരിച്ചു. പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും യുദ്ധം ഇന്ത്യയുടെ ചോയ്സ് അല്ലെന്നും അജിത് ഡോവൽ വ്യക്തമാക്കി.
8. വെടിനിർത്തൽ ലംഘനത്തിനുശേഷം, നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പ്രകോപനങ്ങളുണ്ടായാൽ ശക്തമായി നേരിടാൻ കേന്ദ്രസർക്കാർ ഇന്ത്യൻ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി.
9. സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ അമൃത്സറിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ജില്ലാ അധികാരികൾ ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നിന്നുള്ള തീവ്രമായ ഷെല്ലാക്രമണത്തിന് ശേഷം ഞായറാഴ്ച ജമ്മു നഗരത്തിലെ സ്ഥിതി സാധാരണ നിലയിലായി.
10. മെയ് 10ന് അർദ്ധരാത്രിയ്ക്ക് ശേഷം ഡ്രോണുകളോ വെടിവെയ്പ്പുകളോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പുകളോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെത്തുടർന്ന് പൂഞ്ച് മേഖലയിലും സ്ഥിതി സാധാരണ നിലയിലെത്തി.


