ടൂറിസം കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി വിദേശികള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളെ പെലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന വിദേശികളോട് (Foreign Tourist) മികച്ച രീതിയില്‍ പെരുമാറാൻ പൊലീസ് (Kerala Police) സേനയ്ക്ക് പ്രത്യേക പരീശീലനം (Special Training). പുതുവര്‍ഷ തലേന്ന് കോവളത്ത് വിദേശ സഞ്ചാരിയെ അവഹേളിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.കോവളത്ത് സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം സംസ്ഥാനത്തിനാകെ നാണക്കേടായ പശ്ചാത്തലത്തിലാണ് പൊലീസിനെ നല്ലപെരുമാറ്റം പഠിപ്പിക്കാനുള്ള തീരുമാനം. സിപിഒ മുതല്‍ ഡിവൈഎസ്പി വരെയുള്ള പൊലീസുകാര്‍ക്കാണ് പ്രത്യേക പരിശീലനം. ടൂറിസം കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി വിദേശികള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളെ പെലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

തന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ പറയുന്നു. പരാതി വിശദമായി അന്വേഷിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടതു കൊണ്ടാണ് സസ്പെന്‍റ് ചെയ്തത്.