Asianet News MalayalamAsianet News Malayalam

മുട്ടിൽ മരംമുറി: സ്പെഷ്യൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സിന്ധു കീഴടങ്ങുകയായിരുന്നു

Special village officer arrested in Muttil tree felling case
Author
Wayanad, First Published Jul 27, 2022, 7:08 PM IST

വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതിയായ സീനിയർ ക്ലാർക്ക് കെ.ഒ.സിന്ധു അറസ്റ്റിൽ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായിരിക്കെ സർക്കാരിന്റെ അനുമതി ഇല്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയ കേസിലാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നാണ് നിബന്ധന. മുട്ടിൽ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി അജിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകിയതിനാണ് ഉദ്യോഗസ്ഥരെ കേസിൽ  പ്രതി ചേർത്തത്. ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ മൂലം 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 

മുട്ടിൽ മരംമുറി കേസില്‍ പിടിച്ചെടുത്ത മരത്തടികൾ വനം വകുപ്പ് കണ്ടു കെട്ടിയിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ, എ.ഷജ്‍നയാണ് കണ്ടുകെട്ടാൻ ഉത്തരവിറക്കിയത്. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്. 11 കേസുകളിലുൾപ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളിൽ നടപടി തുടരുകയാണ്. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവിന്‍റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി സംയുക്ത മഹസർ തയ്യാറാക്കിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷമാണ് പിടിച്ചെടുത്ത തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യൂ ഉത്തരവിന്‍റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വന ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളിൽ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്. 

 

Follow Us:
Download App:
  • android
  • ios