Asianet News MalayalamAsianet News Malayalam

കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പിളര്‍പ്പ്; സമാന്തര യോഗം ചേര്‍ന്ന് ജോസഫ് വിഭാഗം

ജോസ് കെ മാണി അനുകൂലിയായ ജില്ലാ പ്രസിഡന്‍റ് ടിഎം ജോസഫിനെ പുറത്താക്കിയെന്നും വൈസ് പ്രസിഡന്റ് എവി തോമസ് മാസ്റ്റർക്ക് പകരം ചുമതലയെന്നും യോഗ ശേഷം നേതാക്കൾ അറിയിച്ചു.

splits in kerala congress m district committee
Author
Kozhikode, First Published Jun 19, 2019, 10:32 PM IST

കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി നിയമ നടപടികളിലേക്ക് നീങ്ങുന്നതിനിടെ കേരള കോൺഗ്രസ്(എം) കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ പിളർപ്പ്. പി ജെ ജോസഫ് വിഭാഗം കോഴിക്കോട് സമാന്തര ജില്ലാ കൗൺസിൽ യോഗം ചേർന്നു. 128 അംഗ കൗൺസിലിൽ 86 പേർ യോഗത്തിൽ പങ്കെടുത്തതായി ജോസഫ് വിഭാഗം വാർത്താ കുറിപ്പ് ഇറക്കി.

ജോസ് കെ മാണി അനുകൂലിയായ ജില്ലാ പ്രസിഡന്‍റ് ടിഎം ജോസഫിനെ പുറത്താക്കിയെന്നും വൈസ് പ്രസിഡന്റ് എവി തോമസ് മാസ്റ്റർക്ക് പകരം ചുമതലയെന്നും യോഗ ശേഷം നേതാക്കൾ അറിയിച്ചു. അതേസമയം വിമതയോഗം അംഗീകരിക്കില്ലെന്നും 24 ന് ചേരുന്ന യോഗത്തിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ടി എം ജോസഫ് അറിയിച്ചു.

അതേസമയം കേരള കോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ ജോസ് കെ മാണി വിഭാഗം കോടതിയെ സമീപിക്കും. ഇതിനിടെ പ്രശ്നത്തിൽ നിയമപരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കൾ പി ജെ ജോസഫിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മുൻസിഫ് കോടതിയുടെ സ്റ്റേ ഒരു ഭാഗം കേൾക്കാതെയാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റ വാദം. ഞായറാഴ്ച നടന്ന യോഗത്തിലെ വിവരങ്ങൾ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്. യോഗത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നതായും അറിയിക്കരുതെന്ന് മുൻസിഫ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ജോസ് കെ മാണി ഞായറാഴ്ച തന്നെ ഓഫീസിലെത്തി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. കോടതി അലക്ഷ്യത്തിന് ജോസ് കെ മാണി വിഭാഗത്തിനെതിരെ ജോസഫ് വിഭാഗവും നിയമ നടപടിയിലേക്ക് പോകുകയാണ്.

ഇതിനിടെ കേരള കോൺഗ്രസ്സിലെ തർക്കം തീർക്കാനുള്ള യുഡിഎഫ് ഇടപെടൽ തുടരുകയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം കെ മൂനീറും നിയമസഭയിൽ വെച്ച് പിജെ ജോസഫുമായി സംസാരിച്ചു. തർക്കത്തിന് നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്നാണ് യുഡിഎഫ് നിലപാട്. പ്രകോപനം പാടില്ലെന്നുള്ള നിർദ്ദേശം ജോസഫ് അംഗീകരിച്ചു. മുന്നണിയുടെ കെട്ടുറപ്പിന് ബാധിക്കുന്ന രീതിയിലേക്ക് തർക്കം പോകരുതെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയുമായും ചർച്ച നടത്തും

Follow Us:
Download App:
  • android
  • ios