തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ വിവാദം കത്തിനിൽക്കെ മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദനെ നിയമിച്ചതിലും വിവാദം. ശിവശങ്കർ ഉൾപ്പെട്ട സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് രാജീവ് സദാനന്ദൻ ഉൾപ്പെട്ട രണ്ടംഗസമിതിയെ ആയിരുന്നു. 85 ദിവസം പിന്നിട്ടിട്ടും സമിതിയുടെ അന്വേഷണം പൂർത്തിയായിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇല്ല. 

കൊവിഡ് പ്രതിരോധത്തിനെന്ന പേരിലാണ് ഉപദേശകരുടെ നിരയിലേക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദൻ ചുമതലയേൽക്കുന്നത്. നീണ്ടകാലം ആരോഗ്യസെക്രട്ടറിയായിരുന്ന പരിചയ സമ്പത്ത് കണക്കിലെടുത്തായിരുന്നു നിയമനം. എന്നാൽ, ഇതേ രാജീവ് സദാനന്ദനും മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരും അടങ്ങുന്ന ടീമിനെ സ്പ്രിംക്ലര്‍ വിവാദത്തിൽ അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.

ഒരു മാസത്തിനുള്ളിൽ റിപ്പോ‍ർട്ട് നൽകാനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്.  85 ദിവസം പിന്നിട്ടിട്ടും  ഈ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് വിശദീകരണം. ഇതിനിടയിലാണ് ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദന്‍റെ നിയമനം. നിലവിൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെതിരെയാണ് സ്പ്രിംക്ലര്‍ ഇടപാടിലും കടുത്ത ആരോപണങ്ങളുയർന്നത്.

ശിവശങ്കറിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നു. ഗൗരവമേറിയ ഈ അന്വേഷണം പാതിവഴിയിലിട്ടാണ് രാജീവ് സദാനന്ദന്റെ പുതിയ ചുമതല. അന്വേഷണ സമിതിയിലെ മറ്റൊരംഗമായ മാധവൻ നമ്പ്യാർ സർക്കാരിന്‍റെ ഹൈപവർ ഐടി ഉപദേശക സമിതി വൈസ് ചെയർമാനുമാണ്