ക്ലാസ് തുറക്കുന്നതായി അറിയിച്ച് കോളേജ് മാനേജ്മെന്റ് മെഡിക്കൽ കോളേജിൽ നോട്ടീസ് പതിപ്പിച്ചു. സർക്കാ‍ർ ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവ് ഉണ്ടെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു

വ‍‍ർക്കല: കേന്ദ്ര സ‍ര്‍ക്കാരിനെയും സംസ്ഥാന സ‍‍ർക്കാരിനെയും വെല്ലുവിളിച്ച് വർക്കലയിലെ എസ്ആ‍ർ മെഡിക്കൽ കോളേജ്. കോളേജിന്റെ അനുമതി റദ്ദാക്കിയ ഉത്തരവിനെ മറികടന്ന് ക്ലാസ് നടത്താനാണ് നീക്കം. കേന്ദ്ര സ‍ർക്കാരിന്റെ നി‍ർദ്ദേശപ്രകാരമായിരുന്നു സംസ്ഥാന സർക്കാ‍ർ ഈ മെഡിക്കൽ കോളേജിന്റെ അനുമതി റദ്ദാക്കിയത്. അതേസമയം മെഡിക്കൽ കോളേജ് മാനേജ്മെന്റിനോട് വിശദീകരണം തേടുമെന്ന് ആരോഗ്യ സ‍ർവകലാശാല അറിയിച്ചു.

ക്ലാസ് തുറക്കുന്നതായി അറിയിച്ച് കോളേജ് മാനേജ്മെന്റ് മെഡിക്കൽ കോളേജിൽ നോട്ടീസ് പതിപ്പിച്ചു. സർക്കാ‍ർ ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവ് ഉണ്ടെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു. മെഡിക്കൽ കോളേജിൽ പരീക്ഷ നടത്തിപ്പിന് അനുമതിയുണ്ടെന്നാണ് കോളജിന്റെ വിശദീകരണം.

വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോഗ്യസർവ്വകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതോടെയാണ് അനുമതി റദ്ദാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനുള്ള പ്ലാൻ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തിൽ വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന നടത്തിയത്. കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യസർവ്വകലാശാല പ്രോ വിസി തന്നെ നേരിട്ടെത്തി പരിശോധിച്ചത്. പരിശോധനാസംഘത്തിന്‍റെ കണ്ണിൽ പൊടിയിടാൻ, പണം നൽകി പുറത്ത് നിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.

എംസിഐ പരിശോധനയ്ക്ക് മുമ്പും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിരുന്നു. 2016ൽ പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികളാണ് കോളേജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് പരാതിയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ സർവകലാശാല സംഘം പരിശോധന നടത്തിയത്.