തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കന്ററി - വോക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ  കഴിഞ്ഞു. മാറ്റി വച്ച പരീക്ഷകളാണ് ഇന്ന് അവസാനിച്ചത്.  പരീക്ഷ പേപ്പറുകളുടെ രണ്ടാം ഘട്ടമൂല്യനിർണയം തിങ്കളാഴ്ച തുടങ്ങും.

പതിവ് രീതികളും ശീലങ്ങളുമില്ലാതെയാണ് ഈ വർഷത്തെ എസ്എസ്എൽസി- ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയായത്. അവസാന പരീക്ഷ കഴിഞ്ഞുള്ള ആഘോഷവും ബഹളവും കണ്ണുനിറഞ്ഞുള്ള വിട പറിച്ചിലൊന്നും ഈ വർഷമുണ്ടായില്ല. കൊവിഡ് കാലത്തെ പരീക്ഷക്കാലം വിവാദങ്ങളിലാണ് തുടങ്ങിയത്. എന്നാൽ വലിയ പരാതികളില്ലാതെ തന്നെ പരീക്ഷകൾ പൂർത്തിയായി. 

ചൊവ്വാഴ്ചയാണ് മാറ്റിവച്ച എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ തുടങ്ങിയത്.  ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഇളവ് നേടി 26 മുതൽ തന്നെ പരീക്ഷകൾ തുടങ്ങി. ആശങ്കളോടെ തുടങ്ങിയ പരീക്ഷ  കാര്യമായ പരാതികളില്ലാതെ അവസാനിച്ചത്.  എല്ലാ സുരക്ഷാ  മുൻകരുതലോടെയും  നടത്തിയ പരീക്ഷ കഴിയുമ്പോൾ കുട്ടികൾക്കും പരീക്ഷ ടെൻഷൻ ഒഴിഞ്ഞതിൻ്റെ ആശ്വാസം.
 
പ്ലസ് ടു പരീക്ഷകൾ കൂടി കഴിഞ്ഞതോടെ കഴിഞ്ഞ അധ്യാനവർഷത്തെ സംസ്ഥാനത്തെ  സ്കൂൾ പരീക്ഷകളെല്ലാം പൂർണ്ണമായി. ഇപ്പോൾ 
ഇപ്പോൾ  കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണ്ണയം പെട്ടെന്ന് പൂർത്തിയാക്കി വേഗം ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം സേ പരീക്ഷക്കൊപ്പം  പരീക്ഷ നടത്തും.