തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം വൈകില്ല. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈ കൊള്ളേണ്ടതുണ്ട്. മെയ് 26-നാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും  തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് ധാരണയായിട്ടുണ്ട്.

മെയ് 31-ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇത് വരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് തുടങ്ങുകയാണ്. 

ഇന്നലെ രാത്രി 9 മണിക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാനചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ലോക്ക്ഡൗൺ നാലാം ഘട്ടത്തിന്‍റെ മാർഗരേഖ വിശദീകരിക്കാനായിരുന്നു യോഗം. ഈ യോഗത്തിൽ കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ടോം ജോസ് കേരളത്തിലെ സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു. കേന്ദ്രം നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗൺ മാർഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളും കണ്ടെയ്ൻമെന്‍റ് സോണുകളും ബഫർ സോണുകളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും, എന്നാൽ കേന്ദ്രസർക്കാരിന്‍റെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഒരു കാരണവശാലും വെള്ളം ചേർക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് പരീക്ഷകൾ മാറ്റിവച്ചേ തീരൂ. 

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓൺലൈൻ അഡ്മിഷനായി പോർട്ടൽ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷൻ നേടാം. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു. 

അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ  അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ല. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷാകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.