തിരുവനന്തപുരം/ദില്ലി: സംസ്ഥാനത്തെ ലോക്ക് ഡൗൺ രണ്ട് ദിവസം പിന്നിടുകയും ദേശീയ ലോക്ക് ഡൗൺ  തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രിസഭയും കേന്ദ്രമന്ത്രിസഭയും ഇന്നു യോ​ഗംചേരും. 

സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഉദ്യോ​ഗസ്ഥരുടെ വിന്യാസം അടക്കമുള്ള കാര്യങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിൽ തീരുമാനമെടുക്കും. നിലവിൽ അൻപത് ശതമാനം ഉദ്യോ​ഗസ്ഥരാണ് സർക്കാർ ഓഫീസുകളിൽ ജോലിക്ക് ഹാജരാവുന്നത്. കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ കൂടി പരിശോധിച്ച് ഇക്കാര്യത്തിൽ വിശദമായ മാർ​ഗ നിർദേശം മന്ത്രിസഭായോ​ഗം നൽകിയേക്കും. 

അതിനിടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകൾ അടച്ചി‌ടാൻ ബെവ്കോ എംഡി സ്പർജൻ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ ലോക്ക് ഡൗണിൽ ബാറുകൾ അടച്ചു പൂട്ടിയെങ്കിലും ബെവ്കോ മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിക്കുകയും ഇവിടെ കനത്ത തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്രധാനമന്ത്രി അപ്രതീക്ഷിതമായി മൂന്നാഴ്ച നീളുന്ന ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇനി മദ്യവിൽപന ശാലകൾ പ്രവർത്തിക്കണോ എന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗം തീരുമാനിക്കട്ടെ എന്നാണ് ബെവ്കോയുടെ നിലപാട്. 

ഇന്നലെ രാത്രി പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സർവ്വീസുകളെല്ലാം നിർത്തിവച്ചിരുന്നു. ലോക്ക് ഡൗണിലെ പൊതുസ്ഥിതി വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി ഇന്നു പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് കേന്ദ്രമന്ത്രിസഭായോ​ഗം ചേരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ടു ചേരുന്ന മന്ത്രിസഭായോ​ഗം രാജ്യവ്യപകമായി അടുത്ത മൂന്നാഴ്ച എങ്ങനെ ലോക്ക് ഡൗൺ നടപ്പാക്കണം എന്ന കാര്യം ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. 

അവശ്യവസ്തുകൾക്ക് യാതൊരു തരത്തിലും ക്ഷാമവും ലോക്ക് ഡൗണിലുണ്ടാവില്ലെന്ന് കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ക്ഷാമമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം ഉണ്ടായാൽ പോലും വലിയ പ്രത്യാഘാതം ഉണ്ടായേക്കും എന്ന് കേന്ദ്രസർക്കാർ ഭയക്കുന്നു. ഈ സാഹചര്യത്തിൽ ഭക്ഷ്യവസ്തുകൾ ആവശ്യത്തിന് സംഭരണത്തിലുണ്ടെന്ന കാര്യം സംസ്ഥാന സർക്കാരുകൾ പ്രചാരണത്തിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നാളെ വീഡിയോ കോൺഫറൻസിലൂടെ ജി20 രാഷ്ട്രനേതാക്കൾ യോ​ഗം ചേരുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം സൗദി രാജാവിന്റെ അധ്യക്ഷതയിലാവും ജി20 നേതാക്കൾ യോ​ഗം ചേരുക. കൊവിഡ് എന്ന മഹാമാരിക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിന്നു പോരാടണം എന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.