കൊല്ലം: ടിസി നല്‍കാന്‍ സ്കൂളുകൾ പണം ആവശ്യപ്പെടുന്നതായി നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ. വിദ്യാർത്ഥികൾക്ക് സ്കൂൾ മാറുന്നതിനും ഇഷ്ടമുള്ള സ്കൂൾ തെരഞ്ഞെടുക്കുന്നതിനും അവകാശമുണ്ടെന്നും ഇത് തടഞ്ഞ് കൊണ്ടുള്ള വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും ശിശുക്ഷേമ സമിതി ഉത്തരവിട്ടു. എടക്കര പാലുണ്ട ഗുഡ്ഷെപ്പേഡ് സ്കൂളിൽ ടിസി കിട്ടാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ഈ ഉത്തരവ് ബാധകമാണെന്നും ശിശുക്ഷേമ സമിതി നിർദ്ദേശിച്ചു.

ടിസി ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപയാണ് മലപ്പുറം എടക്കരയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. 

23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.