സെറ്റ് പരീക്ഷക്കൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍, വിശദാംശങ്ങളറിയാം

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും

state eligibility test; online registration window opens tomorrow, details here

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന്‍  ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. ഇതിനുമുമ്പായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 27 വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി ഫീസ് അടക്കാനാകും. ഒക്ടോബര്‍ 28 മുതല്‍ ഒക്ടോബര്‍ 29ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താം.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50ശതമാനത്തില്‍ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ  ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും  പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ  ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ  ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്‌ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം  അപേക്ഷയോടൊപ്പം ഹാജരാക്കണം.
 

Latest Videos
Follow Us:
Download App:
  • android
  • ios