തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്തിരീകരിച്ചതോടെ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് കര്‍ശന നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കാസര്‍കോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിലേത് പോലെ അല്ല. സ്ഥിതി ഗുരുതരമാണ്. ജില്ലയില്‍ ഇനിയൊരാളും അനാവശ്യമായി പുറത്തിറങ്ങരുത്. അങ്ങനെ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. കടുത്ത പിഴയും ഈടാക്കും- മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് കടകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Read More: കേരളത്തിൽ ലോക്ക്ഡൗൺ ; സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ്, 19 പേര്‍ കാസര്‍കോട്ട്  

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പോലീസ്  നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല്  മുതിർന്ന ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. 

കാസർഗോഡ്  ജില്ലാ പോലീസ് മേധാവി പി എസ്  സാബുവിന് പുറമെ വനിതാ ബറ്റാലിയൻ കമാന്റന്റ് ഡി ശിൽപ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോൾ കാസർഗോഡ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ കെ എം  സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.