Asianet News MalayalamAsianet News Malayalam

കൊറോണ: ചൈനയില്‍ ഭീതിയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കണം, കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരടക്കം 288 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 

state government asks central government to take actions to return Malayali people from china
Author
Trivandrum, First Published Jan 27, 2020, 12:36 PM IST

തിരുവനന്തപുരം: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന  മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി  ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്. അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരടക്കം 288 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.  ഇവരിൽ ഏഴ് പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.  കണ്ണൂർ പേരാവൂരിലെ ഒരു കുടുംബത്തിലെ നാലു പേരും, മലപ്പുറത്ത് ആശുപത്രിയിലുള്ള ഒരാളും ഇവരിൽപ്പെടും. അതിനിടെ എയർപോർട്ടുകളിലെ പരിശോധനയ്ക്ക് കേന്ദ്രസംഘം ഇന്നെത്തിയേക്കും.  ശക്തമായ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്.

ആരോഗ്യവകുപ്പിന്‍റെ പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്.  72 പേർ.  ഇവരെല്ലാവരും വീടുകളിലാണ്. എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേരിൽ മൂന്ന് പേർ ആശുപത്രികളിലാണ്.  മലപ്പുറത്ത് ചൈനയിൽ നിന്ന് മടങ്ങിയെത്തിയയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിരീക്ഷണത്തിലുള്ളവരിൽ ഒരാളെ മടങ്ങിയെത്തി ഒരു മാസം പിന്നിട്ടതിനാൽ പട്ടികയിൽ നിന്നൊഴിവാക്കി. വെള്ളിയാഴ്ച്ച പേരാവൂരിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേർ കൊൽക്കത്ത എയർപോർട്ട് വഴിയാണ് എത്തിയത്. ഇവരും നിരീക്ഷണത്തിലാണ്. 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളിൽ തയറാക്കുകയാണ്.  വിവരങ്ങൾ രേഖപ്പെടുത്തി ഇടപെടൽ എളുപ്പമാക്കുന്നതിനാണിത്.  ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ പൊതു ഇടങ്ങളിൽ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക.  സംശയമുള്ളവരുടെ സാംപിളുകൾ ശേഖരിച്ച് പൂണെ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ആരുടെയും നിലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം വ്യക്തമാക്കുന്നു.  മടങ്ങിയെത്തുന്നവർക്കായി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കുന്നതിനായാണ് കേന്ദ്രസംഘം എത്തുന്നത്. 

Follow Us:
Download App:
  • android
  • ios