കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ അറ്റകുറ്റപ്പണി സർക്കാർ നീട്ടിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടനൽകുന്നുവെന്ന് പി ടി തോമസ് എംഎൽഎ. എറണാകുളം ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാരിവട്ടം പാലം വെച്ച് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും പി ടി തോമസ് ആരോപിക്കുന്നു. കൊച്ചി നഗരത്തിലെ റോഡുകളുടെ നവീകരണം സംബന്ധിച്ച് വിളിച്ച് ചേർത്ത യോഗത്തിന് ശേഷമായിരുന്നു എംഎൽഎയുടെ പ്രതികരണം.

ബലക്ഷയത്തെ തുടർന്ന് മെയ് ഒന്നിനാണ് പാലാരിവട്ടം മേൽപ്പാലം അടച്ചത്. നാലു മാസം കഴിഞ്ഞിട്ടും പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളായ വെണ്ണല തുതിയൂർ, കലൂർ, കടവന്ത്ര തുടങ്ങിയവയെല്ലാം തകർന്നു കിടക്കുകയാണ്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി റോഡുകൾ വെട്ടിപൊളിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.