സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. സെൻട്രൽ സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും അടക്കം 12 വേദികളിലായാണ് മത്സരം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏഴ് നാൾ പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. തുടരുന്ന തുലാമഴ രസംകൊല്ലിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക. സെൻട്രൽ സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവുമെല്ലാം മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നാലിനാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി ഉദ്ഘാടകനം ചെയ്യുന്ന പരിപാടിയിൽ മുൻ ഇന്ത്യൻ താരം ഐഎം വിജയനും മന്ത്രി വി.ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിക്കും. ഇതാദ്യമായി സ്കൂൾ കായികമേളയ്ക്ക് തീം സോങും അവതരിപ്പിക്കുന്നുണ്ട്. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും. 23നാണ് ട്രാക്കുണരുന്നത്. കായികമേളയുടെ ആവേശമോരോന്നും ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.
ഗള്‍ഫിൽ നിന്നുള്ള താരങ്ങള്‍ക്ക് സ്വീകരണം
കായിക മേളയിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്ന് എത്തിയ താരങ്ങൾക്ക് സ്വീകരണം നൽകി. പൂക്കളും മധുരവും നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കുട്ടികളെ സ്വീകരിച്ചത്. 39 വിദ്യാർത്ഥികളാണ് ഇത്തവണ ഗൾഫിൽ നിന്ന് എത്തിയത്. ഗള്‍ഫിൽ നിന്ന് ആദ്യമായിപെൺകുട്ടികളും മത്സരിക്കാനെത്തുന്നുവെന്നാണ് ഇത്തവണത്തെ പ്രത്യേകത.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സ്കൂൾ കായിക മേളയോടനുബന്ധിച്ച് ഇന്ന് മുതൽ (21.10.2025) മുതൽ ഒക്ടോബര്‍ 28വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലേക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലോ ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർ ക്കിംഗ് ഗ്രണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.കായികവേദികളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയ ശേഷം അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.പ്രധാനറോഡുകളിലോ ഇടറോഡുകളിലോ ഗതാഗതതടസ്സം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.


