Asianet News MalayalamAsianet News Malayalam

വഞ്ചിയൂർ അതിക്രമം; 'വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നത്, അങ്ങേയറ്റം അപലപനീയം': ഉമാ തോമസ്

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം എന്ന് ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

State Womens Commission Chairpersons remarks are shocking and highly condemnable says Uma Thomas
Author
First Published Mar 20, 2023, 8:15 PM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീക്കെതിരെ ഉണ്ടായ അതിക്രമത്തിൽ വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ പരാമർശത്തെ അപലപിച്ച്  എംഎൽഎ ഉമാ തോമസ്. ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് ഉമാ തോമസ് കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം എന്ന് ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് അജ്ഞാതൻ 49 കാരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന ഉടൻ പേട്ട പൊലീസിൽ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. 

വിഷയത്തിൽ ജോലിയിൽ അലംഭാവവും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയത് കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവ‍ര്‍ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാൻ കാരണമായി എന്നുമാണ് സതീദേവിയുടെ പരാമർശം.

Read More: വഞ്ചിയൂർ ലൈംഗികാതിക്രമം: യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചത് ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

ഉമാ തോമസിന്റെ കുറിപ്പ്...

''തിരുവനന്തപുരം വഞ്ചിയൂരിൽ ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്.

നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ഞാൻ ഒരു അടിയന്തരപ്രമേയം അവതരിപ്പിക്കാൻ അനുമതി ചോദിച്ചിരുന്നു എങ്കിലും പ്രസ്തുത അനുമതി സർക്കാർ നൽകിയിരുന്നില്ല. അതിനെ തുടർന്ന് നിയമസഭയിൽ ഉണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രസ്തുത അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുക വഴി സർക്കാർ സ്ത്രീപീഡകർക്ക് ഒപ്പമാണെന്ന സന്ദേശമാണ് നൽകിയത്. 

അതുകൊണ്ടുതന്നെയാണ് തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചത്. ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ  നിഷ്‌ക്രിയ നിലപാടും ഇത്തരം ആക്രമികൾക്ക് സഹായകരമാണ്. പോലീസും സംസ്ഥാന സർക്കാരും ഇത്തരക്കാർക്ക് സംരക്ഷണം ഒരുക്കുന്നതാണ് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണം. 

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം. ഇക്കാര്യത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്.ഇതിന് ഉത്തരവാദികളായ സ്റ്റേഷനിലെ ഉന്നതരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണം.ഇതിന്റെ ഉത്തരവാദത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പിനോ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറുവാൻ സാധ്യമല്ല. മാത്രമല്ല സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രാഷ്ട്രീയമായി  നിലപാടെടുക്കുന്ന ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷൻ തുടരേണ്ടതുണ്ടോ എന്നും ആലോചിക്കണം.''

 

Follow Us:
Download App:
  • android
  • ios