Asianet News MalayalamAsianet News Malayalam

വയനാട്ടിൽ നടുറോഡിൽ തമിഴ് യുവതിക്ക് ക്രൂരമർദ്ദനം; വനിതാ കമ്മീഷൻ കേസെടുത്തു

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നും എം സി ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

state womens commission take case against on woman brutally beaten at wayanad
Author
Thiruvananthapuram, First Published Jul 23, 2019, 10:36 AM IST

തിരുവനന്തപുരം: വയനാട് അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചു. കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡിൽ ആക്രമിച്ചത് ന്യായീകരിക്കാൻ ആകില്ലെന്നും ആക്രമിച്ചത് ഏത് പ്രമാണിയാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നും എം സി ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീയെ മര്‍ദ്ദിച്ചത് ആരായാലും അവരെ പൊലീസ് കസ്റ്റഡിയിലെടുക്കണമെന്നും ജോസഫൈൻ കൂട്ടിച്ചേര്‍ത്തു. 

സ്ഥലം കാണാനെത്തിയ ദമ്പതികളെ സജീവാനന്ദൻ എന്നയാളാണ് ക്രൂരമായി മർദ്ദിച്ചത്. വയനാട്ടിലെ അമ്പലവയലിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ദമ്പതികളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് നടപടിയെടുത്തു. സംഭവത്തില്‍ ഉടന്‍ കേസെടുക്കുമെന്ന് അമ്പലവയല്‍ പൊലീസ് അറിയിച്ചു. ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.  

അതേസമയം, സംഭവത്തിൽ അമ്പലവയൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ, പരാതി നൽകാൻ ദമ്പതികൾ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios