കൊച്ചി: പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‍തു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ അനുവദിച്ച ഡിജിപിയുടെ ഉത്തരവും കോടതി തടഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബ‍ർ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ നി‍ർമാണത്തിനായാണ് സംസ്ഥാന പൊലീസിന്‍റെ ഡാറ്റാ  ബേസ്  സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ  സൊസൈറ്റിക്ക് തുറന്നു കൊടുത്തത്.

പ്രവേശനം അനുവദിക്കാത്ത ഡാറ്റാ ശേഖരം കൈകാര്യം ചെയ്യാൻ എങ്ങനെ സ്വകാര്യ ഏജൻസിയെ അനുവദിക്കാനാവുമെന്ന് കോടതി ചോദിച്ചു. കരാർ ഊരാളുങ്കലിന് തന്നെ നൽകിയതിൽ അധികാര ദുർവിനയോഗമുണ്ടെന്നും, കേരള പൊലീസിന്‍റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം നൽകുന്നത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസിന്‍റെ സകല നീക്കങ്ങളും ഇത് വഴി ഊരാളുങ്കലിന് ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് ഹർജിയിൽ ആശങ്കപ്പെടുന്നു.

അതീവ പ്രാധാന്യമുള്ള ക്രൈം ആന്‍റ്  ക്രിമിനൽ ട്രാക്കിങ് നെറ്റ്‍‍വര്‍ക്ക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നൽകിയതെന്നാണ് ഉയരുന്ന ആരോപണം. മാത്രവുമല്ല സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡാറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. അതായത് സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും ഇവരുടെ സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും.