Asianet News MalayalamAsianet News Malayalam

K Muraleedharan : 'സിപിഎം സമ്മേളനങ്ങൾ നിർത്തിവെക്കണം, ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കരുത്': കെ മുരളീധരൻ

'കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ, 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന് മദ്യകുപ്പിയിൽ എഴുതിവെച്ചത് പോലെ'

stop cpm meetings k muraleedharan against cpm district conference during covid spreading time
Author
Thiruvananthapuram, First Published Jan 21, 2022, 11:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) അതിവ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി (K. Muraleedharan). യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

കാസർകോട്ടേ സിപിഎമ്മിന്റെ സമ്മേളനം കാരണമാണ് ജില്ലാ കളക്ടർ പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവ് പിൻവലിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിൽ മെഗാ തിരുവാതിര നടത്തിയതിന് ക്ഷമ ചോദിച്ചതിന്റെ പിറ്റേ ദിവസം ഗാനമേള നടത്തി. കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ, 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന് മദ്യകുപ്പിയിൽ എഴുതിവെച്ചത് പോലെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി പറയുന്നതിനെ പാർട്ടി പോലും വിലയ്ക്ക് എടുക്കുന്നില്ല. ആരോഗ്യമന്ത്രിയെ കൊണ്ട് വിഡ്ഢി വേഷം കെട്ടിക്കരുതെന്നും മുരളീധരൻ പരിഹസിച്ചു.

രോഗ വ്യാപനം സെമി ഹൈസ്‌പീഡിൽ അല്ല, ഹൈസ്‌പീഡിലാണുണ്ടാകുന്നത്. സിപിഎമ്മുകാർക്ക് എന്തും ചെയ്യാം. സർക്കാരിനെ വിമർശിക്കുന്നവർക്ക് പക്ഷെ ഒരു പരിപാടിയും നടത്താനാകില്ലെന്നതാണ് നിലപാട്. കൊവിഡ് സമയത്ത് എന്തിനാണ് തിരക്കിട്ട് സിൽവർ ലൈൻ പഠന ക്ലാസുകൾ നടത്തുന്നതെന്ന ചോദ്യവും മുരളീധരൻ ഉയർത്തി. ഇന്നലെ നടന്ന സിൽവർ ലൈൻ പഠന ക്ലാസുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ നടത്തിയതെന്ന് വ്യക്തമാക്കണം. പ്രതിഷേധിക്കാൻ പോലും ഇവിടെ അവസരമില്ല,  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലാൻ പൊലീസ് പിടിച്ചു വെച്ചുകൊടുക്കുകയായിരുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

അതിനിടെ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. സിപിഎം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി. ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു. 

 

Follow Us:
Download App:
  • android
  • ios