കാമുകനായ അഭി വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമാണ് യുവതിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്.
ബെംഗളൂരു: കർണ്ണാടകയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്‍ഷിണിയാണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് 22 കാരിയായ വര്‍ഷിണി. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും കാണിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച 11 മണിയോടെ അമ്മയാണ് വര്‍ഷിണിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആണ്‍സുഹൃത്തായ തുംകുരു സ്വദേശിയായ അഭിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
അഭി വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമാണ് യുവതിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. ഗര്‍ഭിണിയാക്കിയ ശേഷം അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ആണ്‍സുഹൃത്ത് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 11 മണിയോടെയാണ് വർഷിണിയെ മാതാവ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ട യുവതിയും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


