തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പിടികൂടിയ ശേഷം ചത്ത നായയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.  

തൃശൂര്‍: മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണല്ലൂര്‍ പഞ്ചായത്തിലെ ജൂബിലി നഗര്‍ പ്രദേശത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന പലരെയും തെരുവുനായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയും റേബീസ് പ്രതിരോധ കുത്തിവയ്പ്പും നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണത്തിനെതുടര്‍ന്ന് പിടികൂടിയ നായയെ മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇവിടെ വച്ചാണ് നായ ചത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനും റേബീസ് പരിശോധനയ്ക്കുമായി നായയുടെ ശരീരാവശിഷ്ടങ്ങള്‍ മണ്ണുത്തിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വെറ്ററിനറി പാത്തോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.

പരിശോധനാ റിപ്പോര്‍ട്ടില്‍ നായ അത്യന്തം ക്ഷീണിതാവസ്ഥയിലായിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളും ത്വക്ക് രോഗബാധയുടെ ലക്ഷണങ്ങളും കണ്ടെത്തിയതായും വ്യക്തമാക്കുന്നു. കൂടാതെ ശ്വാസകോശം, സ്പ്ലീന്‍, കരള്‍ എന്നിവയിലും രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ ഡയറക്ട് ഫ്‌ലൂറസെന്റ് ആന്റിബോഡി ടെസ്റ്റില്‍ റേബീസ് വൈറസിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന പ്രത്യേക ഫ്‌ലൂറസെന്‍സ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനാ ഫലത്തില്‍ പോസിറ്റീവ് ഫോര്‍ റേബീസ് എന്ന് രേഖപ്പെടുത്തിയ രേഖകള്‍ പുറത്തുവന്നതോടെ നായയുടെ ആക്രമണത്തിനിരയായവര്‍ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും കൃത്യമായി തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം സംബന്ധിച്ച ആശങ്കയും നാട്ടുകാരില്‍ ശക്തമായിട്ടുണ്ട്.