മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര ഹർജികൾ പരിഗണിക്കാനായി സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി) ആദ്യ സിറ്റിംഗ് നടത്തി. ആദ്യഘട്ടത്തിൽ 56 ഹർജികൾ പരിഗണിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി) പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണായ കമ്മിറ്റിയിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവരാണ് അംഗങ്ങൾ. സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ ഹരജി സമര്‍പ്പിക്കാം. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹര്‍ജികള്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ പരിഗണനയിലുണ്ട്.

മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍-9188127501.