മലപ്പുറം: ഫാഷൻ ജ്വല്ലറി തട്ടിപ്പിൽ ആരോപണം നേരിടുന്ന മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെതിരെ നടപടി സ്വീകരിച്ച് മുസ്ലീം ലീഗ്. യുഡിഎഫ് കാസർകോഡ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്നും കമറുദീനെ നീക്കിയ മുസ്ലീംലീഗ് ഫാഷൻ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും അടുത്ത ആറ് മാസത്തിനകം തീർക്കണമെന്ന കർശന നിർദേശവും പാർട്ടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ലീഗിലെ മറ്റു നേതാക്കളും പാർട്ടിയിൽ നിന്നും വിട്ടു നിൽക്കണമെന്ന നിർദേശവും കാസർകോട്ടെ പാർട്ടി ഘടകത്തിന് ലീഗ് സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. 

ഈ വർഷം ആദ്യം മുതലാണ് കാസർകോട് ഫാഷൻ ജ്വല്ലറിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സജീവമായത്. എം.എൽഎയെ മുന്നിൽ നിർത്തി സാധാരണക്കരായ നിക്ഷേപകരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ജ്വല്ലറിയുടെ നടത്തിപ്പുക്കാർ കൈപ്പറ്റിയത്. പണം നൽകിയവരിലേറെയും മുസ്ലീം ലീഗ് അണികളും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളുമൊക്കെയായിരുന്നു.

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്ന ഘട്ടത്തിൽ പ്രശ്നം എംഎൽഎ തന്നെ തീർക്കുമെന്നും നാല് മാസത്തിനകം നിക്ഷേപകർക്കെല്ലാം പണം തിരികെ കിട്ടുമെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വം ആദ്യം പറഞ്ഞത്. എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും നിക്ഷേപകർക്ക് പണം കിട്ടാതെ വരികയും പ്രശ്നം താഴെത്തട്ടിൽ ആളിക്കത്തുകയും ചെയ്തതോടെയാണ് കർശന നടപടിയിലേക്ക് ലീഗ് നേതൃത്വം എത്തിയത്.  

ജ്വല്ലറി വിവാദം ചർച്ച ചെയ്യാനായി കാസർകോട്ടെ മുസ്ലീംലീഗ് നേതൃത്വത്തെ ഇന്ന് രാവിലെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയിരുന്നു. മുസ്ലീംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നീ നേതാക്കളുമായി കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്, കാസർകോട് മുസ്ലീംലീഗ് അധ്യക്ഷൻ ടി.ഇ അബ്ദുള്ള എന്നിവർ മണിക്കൂറുകളോളം നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.  

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും അടുത്ത ആറ് മാസത്തിനകം തീർക്കാൻ കമറൂദിന് ലീഗ് നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം ബാധ്യതയുടെ ശരിയായ കണക്ക് നേതൃത്വത്തിന് നൽകണം. പരമാവധി 6 മാസത്തിനകം എല്ലാവരുടേയും കടബാധ്യത തീർക്കണം. ഈ നടപടിയുടെ  ഏകോപന ചുമതല ജില്ലാ ട്രഷറർ കല്ലട്ര മുഹമ്മദ് ഹാജിയെ ഏൽപിച്ചു. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ബാധ്യതയും ലീഗ് ഏറ്റെടുക്കില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കമറുദീനെതിരെ ഉയർന്ന ആരോപണങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതു പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധവും മേഖലയിൽ നിലനിൽക്കുന്ന പ്രതികൂല വികാരവും കോണ്ഗ്രസ് നേതാക്കളും ലീഗിനെ ധരിപ്പിച്ചിരുന്നു.