ഗേറ്റ് ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
പാലക്കാട് : ലെവൽ ക്രോസിംഗ് ഗേറ്റ് അടച്ചിട്ടിരിക്കുമ്പോൾ അത് ലംഘിച്ച് കടന്നുപോകുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ. പാലക്കാട് ഡിവിഷനിൽ ലെവൽ ക്രോസിംഗ് ഗേറ്റ് മറികടന്ന ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഗേറ്റ് ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷാനിലാണ് ലെവൽ ക്രോസിംഗ് ഗേറ്റിലെ സുരക്ഷ നിയമ ലംഘനവും അശ്രദ്ധയും മൂലം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 2025 - 2026 വർഷങ്ങളിൽ മാത്രം ഏകദേശം 79 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1989-ലെ റെയിൽവേ നിയമപ്രകാരം അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന്റെ ചങ്ങലയോ തടസ്സമോ മാറ്റുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗേറ്റ് തകർക്കുകയോ വാഹനം ഇടിച്ച് കേടുപാടുകൾ വരുത്തുകയോ ചെയ്താൽ 5 വർഷം വരെ തടവ് ലഭിക്കാം.


