യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടു

ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ദില്ലിയില്‍ സമരത്തിന് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടു. രണ്ട് ധവളപത്രങ്ങളിലും ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെയും കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ധനപ്രതിസന്ധിക്കുള്ള ഒരുപാട് കാരണങ്ങളില്‍ ഒന്ന് മാത്രമാണിത്. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമൊക്കെയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഐജിഎസ്ടിയില്‍ നിന്നും 30000 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. ഈ പണം വാങ്ങിയെടുക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണിത്. കൃത്യമായ രേഖകള്‍ നല്‍കാതെ അഞ്ച് വര്‍ഷം കൊണ്ട് 30000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. നികുതി ഭരണ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. 

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് പോലും മാറാനാകാത്ത സ്ഥിതിയാണ്. ഇങ്ങനെയുള്ളവര്‍ എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ബജറ്റിന്‍റെ വിശ്വാസ്യത പോലും ഇല്ലാതാക്കി. ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ഇവര്‍ നടക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പം കൊണ്ടാണ് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായത്. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും സപ്ലൈകോയും കെട്ടിടനിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളും തകര്‍ന്ന് തരിപ്പണമായി. സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിനായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദില്ലിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പിന്നാലെ പോകാന്‍ വേറെ ആളെ നോക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. നവകേരള സദസ് വന്നപ്പോള്‍ തന്നെ കേരളത്തെ മുടിപ്പിച്ചത് ഈ സര്‍ക്കാരാണെന്ന് തങ്ങള്‍ പറഞ്ഞതാണെന്നും അതിനുള്ള ഉത്തരം അവര്‍ പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

ധനകാര്യ കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പ്രതിപക്ഷവും യുഡിഎഫ് എംപിമാരും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ സര്‍ക്കാരിന് അവ്യക്തതയാണെന്ന് സതീശന്‍ പറഞ്ഞു.

നീതി ആയോഗ് സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി ഇടപെടാന്‍ പാടില്ല. 2011 ലെ സെന്‍സസ് അടിസ്ഥാനത്തിലാണ് കേരളത്തിനുള്ള വിഹിതം കുറച്ചത്. ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ വിഹിതം കുറയാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം നിവേദനമായി യുഡിഎഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ധനകാര്യ കമ്മീഷന്‍ അധ്യക്ഷനെയും എം.പിമാര്‍ കാണുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം