Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| പിജെ ജോസഫിന്റെ പ്രസ്താവനയും അണപൊട്ടിയ സമരവും, അഞ്ചു രൂപയിൽ തുടങ്ങിയ പാട്ട ചരിത്രവും

 ഈ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രവും സുരക്ഷയുമായി ബന്ധപ്പെട്ട സമരങ്ങളുടെ ചരിത്രവും  പരിശോധിക്കാം.

struggles against the Mullaperiyar Dam and the history of the dam
Author
Kerala, First Published Oct 25, 2021, 8:56 PM IST

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിന്റെ ആശങ്കകളും വാർത്തകളും പുറത്തുവരുമ്പോൾ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരടക്കം അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യവുമായി രംഗത്തെത്തുകയാണ്. അതേസമയം  മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രവും സുരക്ഷയുമായി ബന്ധപ്പെട്ട സമരങ്ങളുടെ ചരിത്രവും  പരിശോധിക്കാം.

'ഉറങ്ങാൻ കഴിയുന്നില്ല... കേരളത്തിലെ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ഈ കാര്യങ്ങൾ കണ്ടുകൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല. മുപ്പത് ലക്ഷം പേരുടെ ജീവൻ പന്താടുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇങ്ങനെ നോക്കിയിരിക്കാമോ? മന്ത്രിസ്ഥാനം പോയാലും ശരി  ഇതിന് വേണ്ടി പോരാടും...'  2011 നവംബർ. മുല്ലപ്പെരിയാറിന്‍റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകൾ ഉരുണ്ടുകൂടുന്നതിനിടെയായിരുന്നു പി ജെ ജോസഫിന്‍റെ ഈ പ്രസ്താവന. പിന്നാലെ കേരളം കണ്ടത് തുടർസമരങ്ങളുടെ കുത്തൊഴുക്ക്. മുല്ലപ്പെരിയാറിന് താഴെ പെരിയാർ തീരത്ത് ആശങ്ക, ഭീതി, പ്രതിഷേധങ്ങൾ...

ഡാമിലെ ജലനിരപ്പ് ഉയർത്താമെന്ന 2006ലെ സുപ്രീംകോടതി വിധിയെ തുടർന്നായിരുന്നു സമരങ്ങളുടെ വേലിയേറ്റം. മുല്ലപ്പെരിയാർ സമര സമിതി രൂപപ്പെട്ടു. ചപ്പാത്തിൽ സമരം തുടങ്ങി. മുല്ലെപ്പരിയാർ ഡാം മേഖലയിലുണ്ടായ ചെറുഭൂചലനങ്ങൾ ആശങ്കകൾക്ക് ആക്കം കൂട്ടി. പിന്നാലെ ഡാമിന്‍റെ അപകടാവസ്ഥ വെളിവാക്കുന്ന ദില്ലി, റൂർക്കി ഐഐടി റിപ്പോ‍ർട്ടുകൾ. ഇതിനൊപ്പം രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും. ആശങ്കയിലായിരുന്ന പെരിയാർ തീരം ഭീതിയിലാണ്ടു. 

മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടുമെന്ന പ്രതീതി. അഞ്ച് ജില്ലകളിലെ മുപ്പത് ലക്ഷം പേർ വിരണ്ടു. പുതിയ ഡാമെന്ന ആവശ്യം ശക്തമായി. പതിയെ തുടങ്ങിയ സമരം 2011 അവസാനമാകുമ്പേഴേക്കും കത്തിപ്പടർന്നു. ആദ്യം ഇടുക്കിയിൽ ഹർത്താൽ. പിന്നീട് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ. മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ. വിഎസ് അച്യുതാനന്ദനടക്കം മുല്ലപ്പെരിയാർ ചപ്പാത്തിലെത്തി പ്രതിഷേധമിരുന്നു.

ഭീതി ശക്തമായിരുന്നെങ്കിലും ആശങ്കകൾ സുപ്രീംകോടതിയിൽ വാദിച്ച് നിരത്താൻ കേരളത്തിനായില്ല. 2014ൽ സുപ്രീംകോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136ൽ നിന്ന് വീണ്ടും 142ലേക്ക് ഉയർത്തി. ജലനിരപ്പ് ഉയർത്തുന്നത് സുരക്ഷ ഭീഷണിയാണെന്ന് കേരളത്തിന്‍റെ വാദം കോടതി തള്ളി. ഇതോടെ പ്രതിഷേധം തണുത്തു. സമരങ്ങളുടെ വേലിയേറ്റം കണ്ട കേരളത്തിൽ പിന്നീട് പ്രതിഷേധങ്ങളെല്ലാം ചപ്പാത്തിലേക്ക് ഒതുങ്ങി.

126 വർഷം മുമ്പ് നിർമിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തമിഴ്നാട്ടിലെ വരൾച്ചക്ക് പരിഹാരമാക്കാൻ പല വഴികൾ ആലോചിച്ച ബ്രിട്ടീഷ്-_ഇന്ത്യ ഗവൺമെന്‍റ് ഇതിനായി ഒടുക്കം കണ്ടെത്തിയ വഴി. 1986ൽ പെരിയാറിലെ വെള്ളം മുല്ലപ്പെരിയാറിൽ അണകെട്ടി വൈഗ നദിയിലൂടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കരാറിൽ കേരളവും തമിഴ്നാടും ഒപ്പുവച്ചു. തിരുവിതാംകൂറും ബ്രിട്ടീഷ് സർക്കാരും തമ്മിൽ 999 വർഷത്തേക്കായിരുന്നു കരാർ. 

തിരുവിതാംകൂർ കരാറിനോട് താൽപ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ബ്രിട്ടീഷ് സർക്കാർ നയപരമായി കരാർ നേടിയെടുത്തു. 1895ൽ അണക്കെട്ടിന്‍റെ നിർമാണം പൂർത്തിയാക്കി തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കി തുടങ്ങി. കരാർ അനുസരിച്ച് കേരളത്തിന്‍റെ ഭൂമിയായ 8,000 ഏക്കറിലാണ് വെള്ളം അണകെട്ടി നിർത്തിയിരിക്കുന്നത്. അണക്കെട്ട് നിൽക്കുന്നത് 100 ഭൂമിയിൽ. ഇതിൽ ഏക്കറൊന്നിന് അഞ്ച് രൂപ വച്ച് തമിഴ്നാട് കേരളത്തിന് പാട്ടം നൽകും.

1947ൽ രാജ്യം സ്വതന്ത്രമായതോടെ കരാറിന്‍റെ സാധുത മങ്ങി. ഇതോടെ പുതിയ കരാറിനായി തമിഴ്നാട് ശ്രമം തുടങ്ങി. ഇതിനിടെ മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതോൽപാദനവും ആരംഭിച്ചു. ഇതേച്ചൊല്ലി ഇരുസംസ്ഥാനങ്ങളും തമ്മിൽ തർക്കമായി. ഒടുക്കം 1970ൽ അച്യുതമേനോൻ സർക്കാർ പുതിയ കരാർ ഒപ്പിട്ടു. ഏക്കറൊന്നിന് പാട്ടം 30 രൂപയായി കൂട്ടി. വൈദ്യുതോൽപാദനത്തിന് കിലോവാട്ടിന് 12 രൂപ നിശ്ചയിച്ചു. ഇതനുസരിച്ച് തമിഴ്നാട് കേരളത്തിന് ഓരോ വർഷവും നൽകുന്ന പാട്ടം ഏതാണ്ട് 10 ലക്ഷം രൂപ.

1979ൽ കനത്ത മഴയിൽ ഗുജറാത്തിലെ മേർവി ഡാം തകർന്നപ്പോഴാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് ശക്തമായ ആശങ്ക ആദ്യമായി ഉടലെടുക്കുന്നത്. കരിങ്കല്ലിൽ സുർക്കി ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന അണക്കെട്ടിന് 50 കൊല്ലത്തെ ആയുസ് മാത്രമേ ഉള്ളൂ എന്നാണ് വാദം. തമിഴ്നാട് ഈ വാദത്തെ ഖണ്ഡിക്കുന്നു. പലഘട്ടങ്ങളിലായി ബലപ്പെടുത്തിയിട്ടുള്ളതിനാൽ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് തമിഴ്നാട്. 

വാദപ്രതിവാദങ്ങളും കോടതി വിധികളുമെല്ലാമുണ്ടെങ്കിലും പെരിയാർ താഴ്വരയിലുള്ളവർ അരനൂറ്റാണ്ടിലധികമായി ആശങ്കയിലാണ്. ഓരോ മഴക്കാലവും ഇവരുടെ മനസിൽ നിറയ്ക്കുന്നത് ഭീതി. 2014-ലെ സുപ്രീംകോടതി വിധിക്ക് ശേഷം മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് പഴയ ആവേശമില്ല. കെ-റെയിലും മെട്രോയുമൊക്കെയായി അതിവേഗ വികസനത്തിന് ചുക്കാൻ പിടിക്കുന്ന സർക്കാർ പെരിയാർവാസികളുടെ സുരക്ഷ അവഗണിക്കുന്നുവെന്നാണ് പരാതി.

Follow Us:
Download App:
  • android
  • ios