വയനാട്: സ്കൂളിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാംക്ലാസ്സുകാരി ഷഹ്‍ല ഷെറിന്‍റെ സ്കൂളിൽ കാണാവുന്നത് അധികൃതരുടെയും അധ്യാപകരുടെയും ഗുരുതര അനാസ്ഥ. അക്ഷരാർത്ഥത്തിൽ പാമ്പുവളർത്തൽ കേന്ദ്രമാണോ എന്ന് സംശയിച്ച് പോകുംവിധം മാളങ്ങൾ നിറഞ്ഞ ക്ലാസ്സുകളുള്ള സ്കൂളാണ് സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കന്‍ററി സ്കൂൾ. പാമ്പു കൊത്തിയെന്ന് കണ്ടെത്തിയിട്ടും ഏതാണ്ട് ഒരു മണിക്കൂറോളം കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് വ്യക്തമാകുന്നതാണ് ഷഹലയുടെ സഹപാഠികളുടെ വാക്കുകൾ. എന്നാൽ വിവരം അറിഞ്ഞ ഉടൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെന്നും, അവിടെ ജൂനിയർ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാലാണ് ചികിത്സ വൈകിയതെന്നുമാണ് പ്രധാനാധ്യാപകൻ പറയുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്നറിയാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല അന്വേഷണ സംഘത്തെ സ്കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള വ്യക്തമാക്കി.

ചെരിപ്പിടാൻ അധ്യാപകർ സമ്മതിച്ചിരുന്നില്ലെന്നും, ക്ലാസ്സിൽ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അധ്യാപകർ ഒന്നും ചെയ്തില്ലെന്നും കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ് സ്കൂളിൽ. കുട്ടിയുടെ കാലിൽ പാമ്പ് കൊത്തിയ പാട് കണ്ടുവെന്ന് സഹപാഠികൾ ചൂണ്ടിക്കാണിച്ചിട്ട് പോലും അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ലെന്ന് ഷഹലയുടെ സഹപാഠി തുറന്ന് പറയുന്നു. 

''ടീച്ചറ് നാല് ഗ്രൂപ്പായിട്ട് നിർത്തിയിരിക്കുവായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്നു ഷഹല. അവള് ആ പൊത്തിന്‍റെ അടുത്ത് കാല് വച്ച് പോയി. പാമ്പ് വന്ന് കൊത്തി. അവൾക്കത് മനസ്സിലായില്ല. രണ്ട് കുത്ത് കാലില് കണ്ടപ്പോ എനിക്ക് മനസ്സിലായി. അപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു, പാമ്പ് കുത്തിയതാ ടീച്ചറേ വേഗം ആശുപത്രിയില് കൊണ്ടുപോവണം എന്ന്. അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്ക്കോളും എന്ന്. കുറച്ച് നേരം കഴിഞ്ഞപ്പളാ അവളുടെ കാലില് നീലക്കളറ് കണ്ടത്. അപ്പഴാ അവളുടെ അച്ഛൻ വന്നത്. ഒരു മണിക്കൂറ് കഴിഞ്ഞപ്പളാ അച്ഛൻ വന്നത്. എന്നിട്ടും സാറ് പഠിപ്പിക്കുവായിരുന്നു'' എന്ന് ഷഹലയുടെ സഹപാഠി.

ഈ സ്കൂളിൽ പൊതുവേ കുട്ടികളുടെ കാര്യങ്ങളിൽ വലിയ ശ്രദ്ധക്കുറവുണ്ടെന്ന് രക്ഷിതാക്കളും പറയുന്നു. ചെരിപ്പിട്ട് ക്ലാസ്സിൽ കയറരുതെന്ന് കുട്ടികളോട് അധ്യാപകർ പറഞ്ഞിരുന്നെന്ന് രക്ഷിതാക്കൾ:

''സ്കൂളില് ക്ലാസ്സ് മുറികളിലൊക്കെ മാളങ്ങളാണ്. സ്കൂളിന് ചുറ്റും കാടാണ്. ക്ലാസ് മുറിയിൽ ചെരിപ്പ് ധരിച്ച് കുട്ടികളോട് കയറരുതെന്ന് പറഞ്ഞിരുന്നു. അധ്യാപകർ മാത്രമാണ് ചെരിപ്പ് ധരിച്ച് ക്ലാസിലേക്ക് കയറാറുള്ളൂ. മീൻ വളർത്താനാണെന്ന് പറഞ്ഞ് സ്കൂളിന് സൈഡിലുള്ള കുളത്തിൽ കൊതുകാണ്. കറുത്ത നിറത്തിലുള്ള വെള്ളമാണിതിൽ. അധികൃതരുടെ കനത്ത അനാസ്ഥയാണിവിടെ'' എന്ന് ഒരു രക്ഷിതാവ്. 

എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ അവകാശപ്പെടുന്നത്.

''മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. 04.09-ന് അവിടെ നിന്ന് താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ ചികിത്സ കിട്ടാൻ വൈകി. ജൂനിയർ ഡോക്ടർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെയാണ് ചികിത്സ വൈകിയത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാൻ കാത്തു നിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടയിലാണ് കുട്ടി മരിച്ചത്''  എന്ന് പ്രിൻസിപ്പൽ.

പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ പറയുന്നു. സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടിയെന്ന് പ്രിൻസിപ്പൽ അവകാശപ്പെടുന്നു. 

എന്നാൽ ഗുരുതരമായ അനാസ്ഥ സ്കൂളധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന പരാതികൾ തന്നെയാണ് വ്യാപകമായി ഷഹ്‍ലയുടെ കൂടെയുള്ള വിദ്യാർത്ഥികളടക്കം പറയുന്നത്.