തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ വിദ്യാ‍ർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റില്‍. ചെറുവയ്ക്കൽ ഗവ. യുപിഎസിലെ അധ്യാപകനായ സന്തോഷ് കുമാർ ജൂലൈ 27മുതൽ ഒളിവിലായിരുന്നു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ഒരുമാസം ആകുമ്പോഴാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കൊളേജിന് സമീപത്ത് നിന്നാണ് സന്തോഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.

സന്തോഷ് കുമാർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും തിരുവനന്തപുരം സെഷൻസ് കോടതി കേസ് അടുത്തമാസത്തേക്ക് മാറ്റി. ഇതിന് പിന്നാലെയായിരുന്ന അറസ്റ്റ്. ജൂലൈ 27ന് പോക്സോ ചുമത്തി കേസ് എടുത്തെങ്കിലും ആദ്യ ഘടത്തിൽ പൊലീസും ശക്തമായ നടപടികളിലേക്ക് കടന്നില്ല.

കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ ബോർഡ് പരിശോധനയിൽ ശാരീരിക പീഡനം സ്ഥിരീകരിച്ചു. തുടർന്നും അറസ്റ്റ് വൈകുന്നതിൽ കുട്ടിയുടെ മാതാപിതാക്കൾ ഒത്തുകളി ആരോപിച്ചിരുന്നു. 

സന്തോഷ് കുമാർ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് പൊലീസ്  മാതാപിതാക്കളെ അറിയിച്ചതും ദുരൂഹത കൂട്ടി. ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ പീ‍‍ഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തിട്ടില്ല.