മെസ്സിലെ ഭക്ഷണം കഴിച്ച 12 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്.
കൊല്ലം: കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥികള്‍ സമരം തുടങ്ങി. മികച്ച ഭക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടാണ് സമരം. മെസ്സിലെ ഭക്ഷണം കഴിച്ച 12 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്.
ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. സമരത്തെ തുടർന്ന് പൊലീസെത്തി വിദ്യാർഥികളുമായി ചർച്ച തുടങ്ങി. എന്നാൽ അനാവശ്യ സമരമാണിതെന്നും വിദ്യാർത്ഥികൾക്ക് നല്ല ഭക്ഷണമാണ് നല്കുന്നെതുമ്മാണ് കോളേജ് മാനേജ്‌മെന്റിന്റെ പ്രതികരണം.
അതിനിടെ, കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് ഇന്ന് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ
കൊട്ടാരക്കരയിൽ ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷിതാക്കളും നഗരസഭ ഉദ്യോഗസ്ഥരും അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസെത്തി. കൊട്ടാക്കര നഗരസഭ ചെയര്‍മാന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Also: കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, കായംകുളം ടൗൺ യുപി സ്കൂളിൽ ആരോഗ്യ വകുപ്പ് പരിശോധന
