Asianet News MalayalamAsianet News Malayalam

സുഭാഷ് വാസുവിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ബിഡിജെഎസിനെ പിളർത്താൻ രാഷ്ട്രീയ നീക്കം സജീവം

  • സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും മുൻ ഡിജിപി ടി.പി. സെൻകുമാറുമാണ് സുഭാഷ് വാസുവിന് പിന്നിൽ
  • എസ്എൻഡിപിയിലും ബിഡിജെഎസിലും ഭിന്നതയുണ്ടാക്കി സുമാദായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുകയാണ് ബിജെപി തന്ത്രം
Subhash Vasu allegation BJP tries to split BDJS
Author
Alappuzha, First Published Jan 4, 2020, 6:31 AM IST

ആലപ്പുഴ: ബിഡിജെഎസ് , എസ്എൻഡിപി നേതൃത്വങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി സുഭാഷ് വാസു രംഗത്തെത്തിയതിന് പിന്നാലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ കേന്ദ്രങ്ങളിൽ കരുനീക്കങ്ങൾ സജീവം. ബിഡിജെഎസിനെ പിളർത്തുകയാണ് സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ലക്ഷ്യം. അതിനിടെ, പിള‍ർപ്പ് ഒഴിവാക്കാൻ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ കൂടുതൽ വിശ്വസ്തരെ ഉൾപ്പെടുത്തുകയാണ് തുഷാർ വെള്ളാപ്പള്ളി.

എൻഡിഎയിലെ ഘടക കക്ഷിയായി നിൽക്കുമ്പോഴും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി പലവട്ടം കേന്ദ്ര നേതൃത്വത്തെ തുഷാർ വെള്ളാപ്പള്ളി സമീപിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ല. അവഗണന സഹിച്ച് എൻഡിഎയിൽ നിൽക്കേണ്ടെന്ന നിലപാടാണ് ബിഡിജെഎസിലെ മിക്ക നേതാക്കൾക്കും. ഇവർക്ക് അർഹിക്കുന്ന പരിഗണന ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്ന് വാങ്ങി നൽകാമെന്നാണ് സുഭാഷ് വാസുവിന്‍റെ വാഗ്ദാനം. ലക്ഷ്യം ബിഡിജെഎസിനെ പിളർത്തുക.

തുഷാറിനോടും വെള്ളാപ്പള്ളി നടേശനോടും എതിർപ്പുള്ള, സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും മുൻ ഡിജിപി ടി.പി. സെൻകുമാറുമാണ് സുഭാഷ് വാസുവിന് പിന്നിൽ. എസ്എൻഡിപിയിലും ബിഡിജെഎസിലും ഭിന്നതയുണ്ടാക്കി സുമാദായ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കുകയാണ് ബിജെപി തന്ത്രം. എന്നാൽ വിമത നീക്കങ്ങൾക്ക് തടയാൻ പഴുതടച്ച നീക്കമാണ് തുഷാറിന്‍റേത്.

വിശ്വസ്തനായ സിനിൽ മുണ്ടപ്പള്ളിയെ സംസ്ഥാന വൈസ് പ്രസിഡന്റായും വയനാട് ഇലക്ഷൻ കോർഡിനേറ്റർമാരായ പച്ചയിൽ സന്ദീപ്, അനിരുദ്ധ് കാർത്തികേയൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. സുഭാഷ് വാസുവിന്‍റെ ആരോപണങ്ങൾക്ക് തൽകാലം മറുപടി നൽകേണ്ടന്നാണ് വെളളാപ്പള്ളിയുടെയും തുഷാറിന്‍റെയും തീരുമാനം. എന്നാൽ മൈക്രോഫിനാൻസ് കേസിലടക്കം സുഭാഷ് വാസുവിനെതിരായ കുരുക്ക് മുറുക്കാനുള്ള തന്ത്രങ്ങളും അണിറയിൽ ഒരുങ്ങുന്നുണ്ട്.

Follow Us:
Download App:
  • android
  • ios