Asianet News MalayalamAsianet News Malayalam

'നിങ്ങളെ വ്യക്തിപരമായി നാട്ടിൽ കാണും' തല്ലിയ പൊലീസുകാര്‍ക്കെതിരെ സുധാകരൻ, കണക്കുപറയിക്കുമെന്ന് ചെന്നിത്തലയും

ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പൊലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Sudhakaran and Chennithala also said that we will decide to face the policemen personally
Author
First Published Sep 5, 2024, 5:47 PM IST | Last Updated Sep 5, 2024, 5:47 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വര്‍ക്കിയടക്കമുള്ള നേതാക്കളെ തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ. മുദ്രാവാക്യം വിളിച്ചവരെ തലകീറി കൊല്ലാനാണോ? അങ്ങനെ നിയമമുണ്ടോ? ഇന്ന് ആക്രമിച്ച പൊലീസുകാരെ ഞങ്ങൾ വ്യക്തിപരമായി നാട്ടിൽ നേരിടാൻ തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് സംഭവ സ്ഥലത്തെത്തി പറഞ്ഞു. പൊലീസുകാരെ ഞങ്ങൾ വ്യക്തിപരമായി നാട്ടിൽ കാണുമെന്നായിരുന്നു അദ്ദേഹം പറ‍ഞ്ഞത്

'മുദ്രാവാക്യം വിളിച്ചവരെ തലകീറി കൊല്ലാനാണോ? അങ്ങനെ നിയമമുണ്ടോ? ഇന്ന് ആക്രമിച്ച പൊലീസുകാരെ ഞങ്ങൾ വ്യക്തപരമായി നേരിടാൻ തീരുമാനിക്കും, അപ്പോൾ അറിയാം സിപിഎമ്മിന്. അബിൻ വര്‍ക്കിയല്ല, നൂറ് അബിൻ വര്‍ക്കിമാര്‍ വരും. പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് മാറ്റുകയാണ് വേണ്ടത്.  അല്ലാതെ ആളുകളെ തല്ലി തലപൊളിക്കുകയും, പെൺകുട്ടികളുടെ ഡ്രസ് വലിച്ചുകീറി വലിച്ചിഴയ്ക്കുകയും അവരുടെ നഗ്നത കാണാൻ നൽക്കുമല്ല പൊലീസിന്റെ പണി. അഭിമാനവും അന്തസും ഉള്ള എത്ര പൊലീസുകാരുണ്ട് ഇക്കൂട്ടത്തിൽ. കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. സമരം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോൺഗ്രസുകാരെ തല്ലിയ പൊലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കുമെന്ന്   കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അബിൻ വർക്കിയെ തല്ലിച്ചതയ്ക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയെന്നും പൊലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ  തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പൊലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരും. ആയുസ്സ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പൊലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, തലസ്ഥാനം യുദ്ധക്കളം; സമരമുഖത്തെത്തി സുധാകരൻ, പ്രതിഷേധം തുടരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios