കൊല്ലം: രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് വർക്ക് ഷോപ്പ് തുടങ്ങാനാകാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കൾ വർക്ക് ഷോപ്പ് തുടങ്ങിയ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമ പഞ്ചായത്തിന് കത്ത് നൽകി. നിർമ്മാണ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നല്‍കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മൂന്ന് വര്‍ഷത്തേക്ക് കരാര്‍ എഴുതിയതിനാൽ പഞ്ചായത്തിന് ഇടപെടാനാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിന്‍റെ പേരിലുള്ള 14 അര സെന്‍റ് ഭൂമിയാണ് വർക്ക് ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വർക്ക് ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി. സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായതോടെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ഇതുവരെ ലൈസൻസ് നല്‍കിയിട്ടില്ല. ഇതിനിടയിലാണ് വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് കുര്യന്‍റെ മകൻ ഷിബു കുര്യൻ പഞ്ചായത്തിനെ സമീപിച്ചത്. 

മരിച്ചു പോയ അച്ഛന്‍റെ വസ്തുവില്‍ മക്കൾക്ക് തുല്യ അവകാശമാണെന്നും താനറിയാതെ സഹോദരൻ, ഷാജി കുര്യൻ നടത്തിയ വസ്തു ഇടപാട് നിലനില്‍ക്കില്ലെന്നും പഞ്ചായത്തിന് നല്‍കിയ കത്തില്‍ ഷിബു കുര്യൻ പറയുന്നു. സ്ഥലം ഉടമകളില്‍ നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സുഗതൻ്റെ മക്കൾ. ഇതിനിടെ വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണോ എന്ന് വ്യക്തമാക്കാനായി റവന്യു തദ്ദേശ വകുപ്പുകള്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കിയിട്ടുണ്ട്. 

Also Read: ഞങ്ങളും ആത്മഹത്യ ചെയ്യണോ; തൊഴില്‍സംരംഭം തുടങ്ങുന്നതിനിടെ, ഒന്നരവര്‍ഷം മുമ്പ് ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം ചോദിക്കുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രവാസി സുഗതന്‍ (64) തൂങ്ങി മരിക്കുന്നത്. വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്.