Asianet News MalayalamAsianet News Malayalam

പൊലീസുകാരന്‍റെ ആത്മഹത്യ ജാതിവിവേചനം താങ്ങാനാവാതെ; ആത്മഹത്യക്കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍

താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ആത്മഹത്യക്കുറിപ്പില്‍ കുമാര്‍ പറയുന്നു.  മേലുദ്യോഗസ്ഥരായ രണ്ട് പേരുടെ പേരുകള്‍ ആത്മഹത്യക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

suicide note of tribal police officer
Author
Palakkad, First Published Jul 30, 2019, 11:35 PM IST

പാലക്കാട്: പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്‍റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തില്‍ പറയുന്നതായാണ് വിവരം. 

താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ആത്മഹത്യക്കുറിപ്പില്‍ കുമാര്‍ പറയുന്നു.  കുമാറിന്‍റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഒറ്റപ്പാലം സിഐയുടെ കൈയിലാണ് കത്തുള്ളത്.  

മേലുദ്യോഗസ്ഥരായ രണ്ട് പേരുടെ പേരുകള്‍ ആത്മഹത്യക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ക്യാംപില്‍ കഠിനമായ ജോലികള്‍ ചെയ്യേണ്ടി വന്നെന്നും ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതില്‍ മേലുദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചതായും ആത്മഹത്യക്കുറിപ്പില്‍ കുമാര്‍ പറയുന്നു. 

കുമാറിന്‍റെ ഭാര്യയുടെ പരാതിയില്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഒറ്റപ്പാലം സിഐ ഉടനെ കത്തിനെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കും എന്നാണ് വിവരം. 

തുടര്‍ന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും ചേര്‍ത്ത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറും. ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇനിയും പുറത്തു വിട്ടിട്ടില്ല. 

ആദിവാസിയായതിനാല്‍ കുമാര്‍ പൊലീസ് ക്യാംപില്‍ നിരന്തരം ജാതിവിവേചനം അനുഭവിച്ചതായി കുമാറിന്‍റെ ഭാര്യ നേരത്തെ ആരോപിച്ചിരുന്നു.ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ക്വാര്‍ട്ടേഴ്‍സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്. 

ജാതിയിൽ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാൽ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്ന് കുമാറിന്‍റെ കുടുംബം പറയുന്നു മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് കുമാര്‍ ഇരയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കുമാറിനെ കണ്ടെത്തുന്നത്. 

കുമാറിന് തൊഴിൽപരമായ പ്രശ്നങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios