പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രജീവ് കീഴടങ്ങിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയിരുന്നത്. 

പാലക്കാട്: മഹിളാമോർച്ച മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവിനെ കോടതി റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രജീവിനെ കോടതി റിമാന്‍റ് ചെയ്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രജീവ് കീഴടങ്ങിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയിരുന്നത്. 

ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് ഉത്തരവാദി പ്രജീവാണെന്ന് ശരണ്യ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഇതിന് പുറമെ ശരണ്യയുടെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് പ്രജീവിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയത്. സംഭവത്തിന് പിന്നാലെ മുങ്ങിയ പ്രജീവ് ഒളിവിൽ കഴിയുന്നതിനിടെയാണ് കീഴ്ടങ്ങിയത്. അതേസമയം ശരണ്യയെ ബിജെപിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ നിരന്തരം ശകാരിച്ചിരുന്നതായും ഇതിൽ ഏറെ ദുഖിതയായിരുന്നെന്നും പ്രജീവ് പ്രതികരിച്ചു. ആരാണ് കുറ്റക്കാരെന്ന് രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നും പ്രജീവ് പറഞ്ഞു.

Also Read: മഹിളാ മോർച്ചാ നേതാവിന്‍റെ ആത്മഹത്യ: ആരോപണ വിധേയനായ പ്രജീവ് കീഴടങ്ങി

ശരണ്യയുടെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളിലേക്ക്...

'എന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ എന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് എന്നെ കുറ്റക്കാരി ആക്കി'.

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.