തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സുമയ്യ വിദഗ്ധ സംഘത്തിന് മുന്നിൽ മൊഴി നൽകി.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ കുരുങ്ങിയ സുമയ്യ മെഡിക്കൽ ബോർഡിന് മുമ്പാകെ മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപൂലീകരിച്ച സമിതിയാണ് സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയത്. 2023 മുതലുള്ള ചികിത്സ രേഖകൾ സംഘത്തെ കാണിച്ചുവെന്ന് സുമയ്യ പറഞ്ഞു. തുടർചികിത്സയെ കുറിച്ചാണ് ചർച്ച ചെയ്തത്. ഗൈഡ് വയർ പുറത്തെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് മെഡിക്കൽ ബോർഡ്‌ അറിയിച്ചതായി സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു ഡോക്ടർക്കെതിരെയുള്ള നടപടിയെ കുറിച്ച് ചർച്ച ചെയ്തില്ലന്നും സുമയ്യ വ്യക്തമാക്കി.

സുമയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറും ജൂനിയർ ഡോക്ടറും മൊഴി നൽകാൻ എത്തിയിരുന്നു. 2023 മാര്‍ച്ചിലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയര്‍ കുടുങ്ങിയത്. ശ്വാസതടസ്സം ഉള്‍പ്പെടെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് പരാതിയുമായി സുമയ്യ രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസിന് നല്‍കിയ പരാതി കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തിലും അന്വേഷിക്കുന്നുണ്ട്.