തിരുവനന്തപുരം:  സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം മറ്റന്നാൾ വരെ നീട്ടിയിട്ടുണ്ട്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ ചൂട് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താപ തീവ്രതയുടെ തോതും ഉയർന്നേക്കും. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനുള്ള നടപടികളും തുടങ്ങി. ചൂട് ഉയരുന്ന സാഹചര്യത്തിൽ ജല ഉപയോഗത്തിൽ നിയന്ത്രണം വരുത്തുന്നത് ആലോചനയിലാണ്. ഒന്നര വയസുകാരനുള്‍പ്പെടെ ഇന്നലെ  65പേര്‍ക്ക് സൂര്യാതപമേറ്റു. അതികഠിനമായ ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി. കോഴിക്കോട് മുക്കത്തും തിരുവനന്തപുരത്തും രണ്ടുപേര്‍ക്ക് വീതവും ഊര്‍ങ്ങാട്ടേരിയിലും ഇടുക്കി ഹൈറേഞ്ചിലും തൃശൂരിലും മലപ്പുറം തിരുരങ്ങാടിയിലും ഒരോരുത്തര്‍ക്കുമാണ് ഇന്നലെ സൂര്യാതപമേറ്റത്.

ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍ , ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച , പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ സമിതികള്‍ തയാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോല്‍ റൂമുകള്‍ നിരീക്ഷിക്കുന്നുണ്ട്.