ദില്ലി: കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിൽ വിമാനാപകടങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഇമാസ് സംവിധാനം ഒരുക്കുന്നതിൽ ബോധപൂർവമായ വീഴ്ച്ച ഉണ്ടായോയെന്ന് സുപ്രീം കോടതിയുടെ ചോദ്യം. ഇത് അറിയിക്കാൻ കേന്ദ്ര സർക്കാരിനും ഡിജിസിഎയ്ക്കും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് മറുപടി ഫയൽ ചെയ്യാൻ നോട്ടീസ് നൽകിയത്. 

കോഴിക്കോട്ടെ എയർ ഇന്ത്യാ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ  രാജൻ മേത്ത എന്ന വ്യക്തിയാണ്  സുപ്രീംകോടതിയെ സമീപിച്ചത്. കരിപ്പൂരിൽ ഇമാസ് സജ്ജമാക്കണമെന്ന 2008 മുതലുള്ള നിർദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. റൺ‌വേയുടെ അവസാനം സ്ഥാപിക്കുന്ന എന്‍ജിനീയറിങ് മെറ്റീരിയലുകൾ കൊണ്ടുള്ള ഒരു കിടക്കയാണ് ഇമാസ്. റൺവെ മറികടക്കാൻ ശ്രമിച്ചാൽ വിമാനം പിടിച്ചുനിർത്താനും തടയാനും ഈ സംവിധാനം സഹായിക്കുന്നു.