നിലവിലെ സാഹചര്യത്തില്‍ ആചാരപ്രകാരം കാനനപാതയിലൂടെ യാത്ര നടത്താൻ  അനുവാദം നൽകണമെന്ന്  ആവശ്യപ്പെട്ട് കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ദില്ലി: ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തിൽ യാത്ര നടത്താൻ അനുവാദം നൽകണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടർന്ന് ശബരിമലയിൽ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങൾ നടപ്പാക്കിയതിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിനാൽ ഈക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കോടതിക്ക് ആകുമെന്നും അതിനാൽ ഹർജി ഹൈക്കോടതിയിൽ നൽകാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. 

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഓഗസ്റ്റ് 17ന് തുറന്നിരുന്നു. അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.പിന്നീട് മണ്ഡപത്തിൽ മഹാ ഗണപതി ഹോമം നടന്നു. 7.30 ന് ഉഷപൂജക്ക്.ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിന്‍റെ നറുക്കെടുപ്പ് നടന്നു. 

കഴിഞ്ഞ ദിവസം സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വിവാദമായിരുന്നു. വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറ‍ഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. 

'ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാര്‍ ശ്രമിക്കുന്നു',വിവാദപരാമര്‍ശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര

സ്വത്തുക്കൾ കണ്ടാണ് സർക്കാർ നീക്കമെന്ന ജഡ്ജിയുടെ തന്നെ പരാമർശത്തോടെ, കേസിന്‍റെ മെറിറ്റിനെ കോടതി എങ്ങനെയാണ് കണ്ടതെന്ന സുപ്രധാന ചോദ്യമാണുയരുന്നത്. ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചേർന്ന് രീതിയിലാണ് ഇന്ദു മൽഹോത്രയുടെ പരാമർശമെന്നും വിമർശനമുണ്ട്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേ ജഡ്ജിയും ഇന്ദു മൽഹോത്രയാണ്. 

'ഹരിവരാസന'ത്തിന്റെ നൂറ് വര്‍ഷം; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം