Asianet News MalayalamAsianet News Malayalam

'ജനപ്രതിനിധികള്‍ പ്രതികളായ കേസുകൾ പിൻവലിക്കാന്‍ ഹൈക്കോടതികളുടെ അനുമതി വേണം';നിര്‍ദ്ദേശവുമായി സുപ്രീംകോടതി

എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.

supreme court on withdrawing cases against mps and mlas
Author
Delhi, First Published Aug 10, 2021, 1:52 PM IST

ദില്ലി: ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി. 2020 സെപ്റ്റംബര്‍ 16ന് ശേഷം പിൻവലിച്ച കേസുകൾ പുനഃപരിശോധിക്കണം. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അധികാരത്തിലെത്തുമ്പോൾ ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകുകയാണ് സുപ്രീംകോടതി. എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.

മുസഫര്‍നഗര്‍ കലാപത്തിൽ പ്രതിപട്ടികയിലുള്ള എംഎൽഎമാരുടെ അടക്കം കേസുകൾ യുപി സര്‍ക്കാര്‍ പിൻവലിക്കുകയാണെന്ന് കോടതി നിയോഗിച്ച അമിക്കസ്ക്യൂറി വിജയ ഹൻസാരിയ അറിയിച്ചു. ഗുജറാത്തിലും കര്‍ണാടകത്തിലും കൂട്ടത്തോടെ കേസുകൾ പിൻവലിക്കുകയാണ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാൻ അനുവദിക്കരുതെന്നും അമിക്കസ്ക്യൂറി ശുപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.

കേസുകൾ പിൻവലിക്കാനുള്ള നിയമത്തിന്‍റെ ദുരുപയോഗം അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. പിൻവലിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണം. പൊതുതാല്പര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനം. എംപിമാര്‍ക്കും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ പട്ടികയും കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാരുടെ പേരും അറിയിക്കാൻ സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന  സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios