ദില്ലി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനർനിർണയിക്കാനാണ് ഹൈക്കോടതി നടപടി തുടങ്ങിയത്. ഇത് ഫീസ് നിർണയ സമിതിയുടെ അധികാരത്തിലേക്കുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമാണെന്നാണ് സർക്കാരിന്റെ വാദം. 

നേരത്തെ നിശ്ചയിച്ച ഫീസിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ഫീസ് പുനർനിർണ്ണയിക്കുന്നതിന് എതിരെ വിദ്യാർഥികൾ നൽകിയഹർജികളും കോടതിയുടെ മുൻപാകെ എത്തും. നാലരലക്ഷം മുതൽ അഞ്ചരലക്ഷം രൂപ വരെയാണ് ഫീസ്നിർണയ സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായാണ് കോളേജുകൾആവശ്യപ്പെടുന്നത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും.