തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ പ്രതിഷേധിക്കുമ്പോഴും കുഴഞ്ഞുവീണ യാത്രക്കാരന് പ്രാഥമിക ചികിത്സ നല്‍കിയ യുവതിയെ തിരയുകയായിരുന്നു സമൂഹമാധ്യമങ്ങള്‍. പിആര്‍എസ് ആശുപത്രിയിലെ നഴ്സ് ആയ രഞ്ജുവാണ് ഇന്നലെ തിരുവനന്തപുരം കിഴക്കേകോട്ടയില്‍ തളര്‍ന്നുവീണ യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയത്. സുരേന്ദ്രന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് രഞ്ജു പ്രതികരിക്കുന്നു.

എന്‍റെ കണ്‍മുന്നിലാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഷുഗര്‍ ലെവല്‍ കുറഞ്ഞാണ് ഇയാള്‍ കുഴഞ്ഞ് വീണതെന്ന ധാരണയില്‍ സമീപത്തുണ്ടായിരുന്നവര്‍ ഇയാള്‍ക്ക് ജ്യൂസ് കൊടുത്തിരുന്നു. അത് കഴിക്കുന്നതിന് ഇടയിലാണ് സുരേന്ദ്രന്‍ വീണത്. ആശുപത്രിയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ആയിരുന്നു താന്‍. അയാള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ താന്‍ ശ്രമിച്ചു. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളൊന്നും അവിടെ ലഭ്യമായിരുന്നില്ല. എന്നാലും ആവുന്ന രീതിയില്‍ ശ്രമിച്ചു. പക്ഷേ ഗതാഗതക്കുരുക്ക് കൂടി ആയപ്പോള്‍ ആംബുലന്‍സ് എത്താനും വൈകി. കുറച്ച് കൂടി നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സുരേന്ദ്രനെ രക്ഷപ്പെടുത്താമായിരുന്നു. 

ഗതാഗതക്കുരുക്ക് ആയതിനാൽ ആംബുലൻസ് എത്താൻ വൈകി. പതിനഞ്ച് മിനിറ്റോളം പ്രഥമശുശ്രൂഷ നൽകിയിരുന്നു. എന്നാല്‍ സമീപത്തെങ്ങും അടിയന്തര സമയങ്ങളില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമായിരുന്നില്ല. നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും രഞ്ജു പറയുന്നു. 

കെഎസ്ആര്‍ടിസി മിന്നല്‍ സമരം: പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്ന് കമ്മീഷണറുടെ വിശദീകരണം

അതേസമയം മിന്നല്‍ സമരത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ പ്രതികരിച്ചിരുന്നു. പൊലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ കയ്യേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാനും വൈകിയില്ല. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിൽ ആശുപത്രിയിലെത്തിച്ചുവെന്ന്  സിറ്റി പൊലീസ് കമ്മീഷണർ കളക്ടർക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 

മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി, സമരക്കാര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കെഎസ്ആ‌ർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു

ഇന്നലെ നടന്ന കെഎസ്ആ‌ർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ  കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) മരിച്ചിരുന്നു. കിഴക്കേകോട്ടയിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്. കിഴക്കേകോട്ട ബസ് സ്റ്റാന്‍റില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല