സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ പാർട്ടിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്ന് എൻ എൻ കൃഷ്ണദാസ്. പാർട്ടിക്കകത്ത് കൈകാര്യം ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും. അതിന് ശേഷം സമയാസമയം പൊതുസമൂഹത്തോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റിയതിന് പാർട്ടിക്ക് അതിന്‍റേതായ കാരണങ്ങളുണ്ടെന്ന് എൻ എൻ കൃഷ്ണദാസ്. അതിൽ ഒരു ബാഹ്യ ഇടപെടലും പാർട്ടി അനുവദിക്കില്ല. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കാം ലഭിച്ചിട്ടുള്ളത്. ആർക്ക് എതിരെയാണോ പരാതിയുള്ളത് അയാൾക്ക് പരാതി നൽകില്ലല്ലോ. പരാതി നൽകിയത് അതിന് മുകളിലുള്ളവർക്ക് ആകും. പാർട്ടിക്കകത്ത് കൈകാര്യം ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും. അതിന് ശേഷം സമയാസമയം പൊതുസമൂഹത്തോട് പറയും. പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ മുറയ്ക്ക് നടപടിയെടുക്കും. പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കുന്നത് ഉൾപ്പെടെ നേതൃത്വമാണ് തീരുമാനിക്കുകയെന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു.

അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരും എന്നാണ് എൻ എൻ കൃഷ്ണദാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കാലത്തിന് അനുസരിച്ച് പാർട്ടി മാറുകയാണ്. സുരേഷ് ബാബുവിനെതിരെ പരാതിയുണ്ടെങ്കിൽ നേതൃത്വം ഉചിത നടപടി എടുക്കും. പരാതി ഉണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. തനിക്ക് അറിയില്ല. പൊലീസിൽ പരാതി നൽകേണ്ടത് പരാതിക്കാരിയാണെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

എന്നാൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്‍റെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പാലക്കാട്ടെ പുതിയ ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷനും പറഞ്ഞത്. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി എന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പാലക്കാട്‌ വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ നടപടിയുടെ ഭാഗമായാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റിയതെന്നാണ് സിപിഎം വിശദീകരണം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. സുരേഷ് ബാബുവിന്‍റെ പടിയിറക്കത്തിന് പെരുമാറ്റ ദൂഷ്യമാണ് കാരണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

YouTube video player