കൊച്ചുവേലായുധന് വീട് പണിയാൻ രംഗത്തിറങ്ങിയ സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം കൊടുക്കാൻ കൗണ്ടര്‍ തുടങ്ങട്ടെയെന്ന് സുരേഷ്‍ഗോപി. ഇരിങ്ങാലക്കുടിയിലെ കലുങ്ക് സൗഹൃദ സംവാദത്തിലാണ് കേന്ദ്ര മന്ത്രിയുടെ വെല്ലുവിളി
തൃശൂര്‍: ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിൽ വെച്ച് സിപിഎമ്മിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. വീട് പണിയാൻ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാൻ കൗണ്ടര്‍ തുടങ്ങട്ടെയെന്ന് സുരേഷ്‍ഗോപി പറഞ്ഞു. കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചു. സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങി കരുവന്നൂരിൽ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലേയെന്നും കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞു.
കലുങ്ക് സൗഹൃദ സംവാദത്തിനിടെ സുരേഷ് ഗോപി നിവേദനം നിരസിച്ച കൊച്ചു വേലായുധന് വീട് പണിയാൻ സി.പി എം തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കരുവന്നൂര്‍ ബാങ്കിലെ തട്ടപ്പിൽ പണം നഷ്ടമായ നിക്ഷേപകര്‍ക്ക് പണം നൽകാൻ സിപിഎം രംഗത്തിറങ്ങണമെന്ന സുരേഷ് ഗോപിയുടെ വെല്ലുവിളി. കരുവന്നൂരിൽ ഇ.ഡി പിടിച്ച സ്വത്തുക്കൾ നിക്ഷേപകർക്ക് മടക്കി നൽകാൻ തയാറാണ്. ആ സ്വത്തുക്കൾ സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണം. നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ച നിക്ഷേപകയായ വയോധികയോടാണ് സുരേഷ് ഗോപിയുടെ മറുപടി.


