നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

മലപ്പുറം: നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയ പോലെ നിലമ്പൂരിലും ലഭിക്കും. നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രചാരണത്തിൽ പിറകിലെന്ന ആക്ഷേപം എതിരാളികൾ കെട്ടിച്ചമക്കുന്നതാണ്. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11 വർഷം മുൻപ് തുടങ്ങിവെച്ച നന്മയുടെ ഭരണം കേരളത്തിലേക്ക് പടരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നേമത്ത് അക്കൗണ്ട് പൂട്ടിച്ചു എന്നത് മ്ലേച്ഛമായ പരാമർശമാണ്. പലയിടങ്ങളിലും അവിശുദ്ധ സഖ്യം ഉണ്ടായിരുന്നു. പലതും വക്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണം ഉണ്ടാക്കുന്നു. പൂരം കലക്കലും, ചേമ്പും ഗോപിയാശാനും ഒക്കെ ഉണ്ടായത് ഇങ്ങനെയാണെന്ന് എന്‍ഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. നിലമ്പൂരിൽ സർക്കാർ കോളേജിന് ഭൂമി നൽകിയാൽ കേന്ദ്രം കെട്ടിടം ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. യുപി മോഡൽ വികസനത്തോട് കേരളത്തിന്‌ പുച്ഛമാണ്. യുപിയിൽ എന്താണ് നടക്കുന്നതെന്ന് ഇവിടെയാർക്കും അറിയില്ല. ഫെഡറലിസം ചില സമയത്ത് പിശാചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്ഭവനിലെ പരിസ്ഥിതി പരിപാടിയിൽ നിന്ന് കൃഷിമന്ത്രി വിട്ടുനിന്ന സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. അത് ഓരോരുത്തരുടെ മനസ്ഥിതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ വിമര്‍ശനം. ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ ചെയ്തത്. ദേശീയ പാത നിര്‍മ്മാണത്തില്‍ ഡിപിആര്‍ മാറിയത് അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവർത്തിച്ചു. കേരളത്തിൽ മാത്രമാണ് ഇത്ര അധികം അണ്ടർ പാസ് ഓവർ പാസുകള്‍ ഉള്ളത്. ഭയപ്പാട് ദൂരീകരിക്കാൻ വലിയ അധ്വാനം വേണ്ടി വരും. മറ്റ് റീച്ചുകളിൽ അധിക ശ്രദ്ധ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.