നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെ പ്രധാന അധ്യാപികയുടെ 'പുകഴ്ത്തലി'നു മറുപടിയായി തിരികെ മൈക്കിനടുത്തെത്തിയാണ് സുരേഷ്‌ ഗോപിയുടെ പ്രതികരണം.

തൃശൂർ : തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും. നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെ പ്രധാന അധ്യാപികയുടെ 'പുകഴ്ത്തലി'നു മറുപടിയായി തിരികെ മൈക്കിനടുത്തെത്തിയാണ് സുരേഷ്‌ ഗോപി ഇങ്ങനെ പ്രതികരിച്ചത്.

നാല് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ച സുരേഷ്‌ ഗോപിക്ക് നന്ദി സൂചകമായി പ്രതികരിക്കുകയായിരുന്നു അധ്യാപിക. 'തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ്‌ ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് ' അധ്യാപിക പറഞ്ഞതോടെയാണ് സുരേഷ്‌ ഗോപി തിരുത്തിയത്. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ്‌ ഗോപി ഓർമ്മപ്പെടുത്തി. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം, കഴിഞ്ഞ ദിവസം അവിശ്വാസികൾക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്‍ശം വൻ വിവാദമായിരുന്നു. സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതിയും ലഭിച്ചു. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു.

ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പൊലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമ‍ര്‍ശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.

പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, യുവ നടന്‍റെ മാസ് ഇടപെടല്‍; മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, വീഡിയോ വൈറൽ