ലാന്‍ഡ് ബോര്‍ഡും റവന്യൂ വകുപ്പും അന്‍വറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം.
തിരുവനന്തപുരം: പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നല്‍കിയിരുന്നു.
പി.വി അന്‍വറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ ലാന്‍ഡ് ബോര്‍ഡും റവന്യൂ വകുപ്പും അന്‍വറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാന്‍ഡ് ബോര്‍ഡ് ഇളവുകള്‍ നല്‍കിയത്. പെരകമണ്ണ വില്ലേജില്‍ അന്‍വറിന്‍റെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ചത്.
അന്‍വറും രണ്ടാം ഭാര്യ ഹഫ്‌സത്തും ചേര്‍ന്ന് കക്കാടംപൊയിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ടണര്‍ ഷിപ്പ് ഡീഡിന്റെ പേരില്‍ വാങ്ങിയ 11 ഏക്കര്‍ ഭൂമിയില്‍ ലാന്റ് ബോര്‍ഡ് ഇളവ് അനുവദിച്ചതും നിയമവിരുദ്ധമായെന്നും ഷാജി പറയുന്നു. അന്‍വറിന്‍റെ കൈവശമുളള മിച്ച ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യവുമായാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. കൂടരഞ്ഞി, കുഴല്‍മന്ദം, തൃക്കലങ്ങോട് വില്ലേജുകളിലായാണ് അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കല്‍ 6.24 ഏക്കര്‍ മിച്ച ഭൂമി ഉളളതായി താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്. മൂന്നിടത്തും സര്‍വേ നടന്നതല്ലാതെ ഭൂമി കണ്ടുകെട്ടാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ
