തിരുവന്തപുരം വട്ടപ്പാറയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ജയകുമാര്‍ അറസ്റ്റിലായി. കഴിഞ്ഞ മാസം 28നാണ് വട്ടപ്പാറ സ്വദേശി സുരേന്ദ്രന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ജയകുമാർ മോഷ്ടിച്ചത്
തിരുവനന്തപുരം: വട്ടപ്പാറയിൽ വാഹനമോഷണക്കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ജയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് വട്ടപ്പാറ സ്വദേശി സുരേന്ദ്രന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ജയകുമാർ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സുരേന്ദ്രന്‍റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ഭാഗത്ത് നിന്ന് മോഷ്ടിച്ച ഈ ബൈക്ക് ഇവിടെ ഉപേക്ഷിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ ബൈക്ക് പ്രതി മോഷ്ടിച്ചത്. ഇരു സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. മോഷണത്തിന് പിന്നാലെ നെടുമങ്ങാടുള്ള ആക്രിക്കടയിൽ വിറ്റ ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ജയകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



