പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിനോട് ചേർന്നുള്ള ജയിൽ വകുപ്പിന്‍റെ ഭക്ഷണ ശാലയിൽ മോഷണം. ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. മൂന്നു ദിവസത്തെ കളക്ഷനാണ് റോഡരികിലുള്ള സ്ഥാപനത്തിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്നത്. ജനൽചില്ല് തകർത്ത് താക്കോലെടുത്താണ് മോഷ്ടാവ് പിൻമുറിയിലെ മേശയിൽ നിന്നും പണം എടുത്തുകൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. താക്കോലും പണവും വെയ്ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയായിരുന്നു മോഷണം.
ജയിൽ ജീവനക്കാരെ കൂടാതെ തടവുകാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.



