രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ്. രമ്യ ഹരിദാസ് എംഎൽഎ ചെയ്യുന്നത് നീതികേടാണെന്ന് പറഞ്ഞ അദ്ദേഹം, പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു.
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ് ഏഷ്യാനെറ്റ് ന്യൂസിനോട്. രമ്യ ഹരിദാസ് എംഎൽഎ ചെയ്യുന്നത് നീതികേടാണെന്നും വിഷയം പരിഹരിക്കാൻ കെപിസിസി ശ്രമിച്ചതാണെന്നും സജാദ് പറഞ്ഞു. വിഷയം വീണ്ടും വഷളാക്കാൻ ആണ് എംഎൽഎയുടെ നടപടി കാരണമാവുകയെന്നും സജാദ് പറഞ്ഞു.
പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സജാദ് പറഞ്ഞു. ധിക്കാരപരമായ സ്വഭാവമാണ് എംഎൽഎ ഇപ്പോഴും കാണിക്കുന്നത്. എന്തുകൊണ്ട് പ്രദീപിനെ മാറ്റിനിർത്താൻ എംഎൽഎയ്ക്ക് സാധിക്കുന്നില്ല. അതിലെന്തോ ദുരൂഹതയുണ്ട്. പാളയം പ്രദീപിന്റെ ബിനാമിയാണ് എംഎൽഎ. ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രവർത്തകർ ശക്തമായി പ്രതികരിക്കും. എംഎൽഎക്കെതിരെ നടപടിയെടുക്കാനുള്ള ആവശ്യം ശക്തമാക്കുമെന്നും സജാദ് വ്യക്തമാക്കി.
രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഒരു പരസ്യ പോരിലേക്കാണ് എംഎൽഎയുടെ നടപടികൾ കാര്യങ്ങളെ എത്തിക്കുന്നത്. പക്ഷേ അത് ആഗ്രഹിക്കുന്നില്ല. തനിക്കെതിരെയും നടപടി ഉണ്ടായി. അതിൽ വിഷമവും ഉണ്ട്. എംഎൽഎയുടെ ധിക്കാരപരമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. സമവായത്തിന് തയ്യാറായ കെപിസിസി നേതൃത്വത്തെ വെല്ലുവിളിക്കുന്നതാണ് എംഎൽഎയുടെ നീക്കം. ഇതിനെതിരെ ആണ് സജാദ് രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിക്കാകെ നാണക്കേടായ കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ലഭിച്ചെങ്കിലും എംഎൽഎയ്ക്കെതിരെ നടപടി വേണ്ടെന്നും തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന നിർദേശം രമ്യക്ക് നൽകാനും ധാരണയായിരുന്നു. എന്നാൽ സംസ്ഥാന-പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ ഇപ്പോഴത്തെ നീക്കം. നിയമസഭാ സെക്രട്ടറി സ്ഥലത്ത് ഇല്ലാത്തതിനാൽ എംഎൽഎയുടെ പിഎ നൽകിയ കത്ത് ഓഫീസ് മടക്കിയിട്ടുണ്ട്.


