തിരുവനന്തപുരം: ലൈഫിലെ കമ്മീഷന്‍റെ ഒരുപങ്ക് ശിവശങ്കറിനെന്ന് സ്വപ്‍നയുടെ മൊഴി. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്ക്. ഇവരുടെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‍നയ്ക്ക് കൈമാറിയെന്നും മൊഴിയിലുണ്ട്.  ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന് നിർണായക വിവരങ്ങളാണ് നൽകിയിട്ടുള്ളത്.  

ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി.  താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.